The Responsible Anarchist

Find a disorder in every order

സ്കൂള്‍കുട്ടിയ്ക്ക് ഒരു തുറന്ന കത്ത്

പ്രിയ സ്കൂള്‍‌ക്കുട്ടീ,

മഴ, യൂണിഫോമിന്റെ പുതുമണം, വിദ്യാര്‍ഥിരാഷ്ട്രീയം, പിടിഏ, കൊടിതോരണങ്ങള്‍, സ്കൂളിനവധിയാണെന്ന പ്രഖ്യാപനം തരുന്ന സന്തോഷം എന്നിങ്ങനെ പലതരം നൊസ്റ്റാള്‍ജിയകളാല്‍ സമൃദ്ധമായിരുന്നു, ജൂണ്‍ ഒന്നാം തീയതിയുടെ ഫെയ്സ്ബുക്ക് സ്ട്രീം. നിന്റെ അനുഭവവും മറിച്ചാണെന്ന് കരുതുന്നില്ല.

എന്റെ സ്കൂള്‍കാലവും നിന്റെ സ്കൂള്‍കാലവും താരതമ്യം ചെയ്ത് മഹത്വം എക്സ്ചേയ്ഞ്ച് ചെയ്യാന്‍മാത്രം പഴക്കമെനിക്കില്ല. പക്ഷേ ഇത്രയും പറയാം – പരീക്ഷവരുമ്പോള്‍ ഓര്‍മ്മയില്‍ നിന്ന് ഛര്‍ദ്ദിക്കാന്‍ പാകത്തിനുള്ള സാധനമേ എന്റെ സ്കൂള്‍ എന്നെ ഏറിയകൂറും പഠിപ്പിച്ചുള്ളൂ. അത് എത്രത്തോളം ദഹിക്കാത്തപരുവത്തില്‍ ഛര്‍ദ്ദിക്കാമോ അത്രത്തോളം മാര്‍ക്ക് കൂട്ടിയിട്ട് തന്ന് എന്റെ അധ്യാപകര്‍ എന്നെ വാനോളം പൊക്കി. കൊളച്ചല്‍ യുദ്ധം ഏത് കാലത്ത് നടന്നു എന്ന ഭാഗം അടിവരയിട്ട് തരുമ്പോള്‍ എന്റെ അധ്യാപകര്‍ പറഞ്ഞത് “ഇത് fill in the blank ആയി കഴിഞ്ഞതിന്റെ മുന്നത്തെ വര്‍ഷം ഫൈനല്‍ എക്സാമിനു ചോദിച്ചിരുന്നു” എന്നാണു്‌. അല്ലാതെ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തെ ചരിത്ര സംഭവങ്ങളോ സാമൂഹ്യ ജീവിതമോ എന്താണെന്ന് ചര്‍ച്ച ചെയ്യാന്‍ ആരും മുതിര്‍ന്നില്ല.

TDP__PROTEST_120313f

മഴയത്ത് ഇത്ര വേഗത്തില്‍ നടക്കുമ്പോള്‍ നനയാതിരിക്കണേല്‍ കുടപിടിക്കേണ്ടുന്ന ആംഗിള്‍ ഇന്നതാണെന്ന് വെക്റ്റര്‍ ദിശയുപയോഗിച്ച് കണ്ട് പിടിക്കുന്ന ഫോര്‍മുലയടക്കം ഫോര്‍മുലകളുടെ മന്നനായിരുന്ന ഞങ്ങടെ ഫിസിക്സ് മാഷ് എന്നെ എന്തൊക്കെയോ പഠിപ്പിച്ചു വിട്ടു. ഫിസിക്സിനെനിക്ക്  98% മാര്‍ക്കുണ്ടായിരുന്നു, പക്ഷേ എന്റെ ഗവേഷണാവശ്യത്തിനും ഇപ്പോള്‍ വൈദ്യാവശ്യത്തിനും ചില ലളിത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരുമ്പോള്‍ പട്ടിക്ക് ലാപ് ടോപ്പ് കിട്ടിയ പോലാണു്‌ ! 56% വാങ്ങി പാസായി വേറേ പണിക്ക് പോയ സുഹൃത്ത് മജീദ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ആശാനായിരുന്നു. അവനെ ഒരു എഞ്ചിനിയറിംഗ് കോളെജും എടുത്തില്ല. എന്‍‌ട്രന്‍സിന്റെ റാങ്ക് “കനം” പോരായിരുന്നത് കൊണ്ട്.

പത്തിലോ ഒന്‍പതിലോ, ഇ‌.ആര്‍ ബ്രെയ്ത്‌വെയ്റ്റിന്റെ  (Edward R Braithwaite) അതിമനോഹരമായ ‘To Sir With Love’-ല്‍ നിന്നുമൊരു ഭാഗം പഠിപ്പിച്ചപ്പോള്‍ കറുത്തവര്‍ഗക്കാരന്റെ സാമൂഹ്യാവസ്ഥയെപ്പറ്റി എന്നോടാരും മിണ്ടിയത് പോലുമില്ല. ബ്രെയ്ത്‌വെയ്റ്റിന്റെ പുസ്തകങ്ങള്‍ സൗത്താഫ്രിക്കന്‍ വംശവിരോധി സര്‍ക്കാര്‍ ഏറെക്കാലം നിരോധിച്ചിരുന്നുവെന്നും ഞാന്‍ അറിഞ്ഞത് ഇന്റര്‍‌നെറ്റ് കണക്ഷന്‍ വീട്ടില്‍ വന്നതിനു ശേഷം ചുമ്മാ ചിലത് തപ്പുമ്പോഴാണ്.

ബയോളജി ക്ളാസില്‍ ആദ്യമായി ഡാര്‍‌വീനിയന്‍ പരിണാമസിദ്ധാന്തം (സിദ്ധാന്തമല്ല, നിയമം) പഠിപ്പിച്ച അധ്യാപികയെ സ്റ്റാഫ് റൂമില്‍ ചെന്ന് കണ്ട്, ഇതിലെവിടെയാ ദൈവം എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ കണ്ണുരുട്ടല്‍ ഇനിയും മറന്നിട്ടില്ല. തോമസ് ഹക്സ്ലിയെയോ പീറ്റര്‍ മെഡാവാറിനെയോ സ്റ്റീവന്‍ ജെ ഗൂള്‍ഡിനെയോ വായിക്കൂ, കൂടുതല്‍ അറിവ് കിട്ടും, എന്ന് ഒറ്റ അധ്യാപഹയരും പറഞ്ഞു തന്നില്ല. ആ വഹ പുസ്തകങ്ങള്‍ യേശുക്രിസ്തുവിന്റെ വിരിഞ്ഞ കൈകള്‍ക്കു കീഴില്‍ നില്‍ക്കുന്ന സ്കുള്‍ കെട്ടിടത്തില്‍ തന്നെ ഉണ്ടെന്ന് കണ്ടിട്ടില്ല. ന്യൂറോസയന്‍സില്‍ പ്രാന്ത് കയറുന്ന ഹൈസ്കൂള്‍ കാലത്ത് വായിച്ച മൂന്ന് പേരേ (ഫ്രാന്‍സിസ് ക്രിക്ക്, റിച്ചാഡ് റെസ്റ്റാക്ക്, റീത്ത കാര്‍ട്ടര്‍) കണ്ട് കിട്ടിയത് ഏലൂര്‍ ലൈബ്രറി എന്ന സ്വകാര്യ ലെന്‍ഡിംഗ് ലൈബ്രറിയില്‍ നിന്നാണ്.

“കേരളത്തിന്റെ സ്കോട്ട് എന്ന വിശേഷണത്തിനു എന്തുകൊണ്ടും അര്‍ഹനാണു സിവി രാമന്‍‌പിള്ള. ‘ധര്‍മ്മരാജ’യെ മുന്‍‌നിര്‍ത്തി സമര്‍ത്ഥിക്കുക” എന്നത് എസ്.എസ്.എല്‍‌സിക്ക് വരാവുന്ന ചോദ്യമാണെന്നും പലയാവര്‍ത്തി ഇത് മുന്‍‌വര്‍ഷങ്ങളില്‍ ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞ് എന്റെ അധ്യാപകര്‍ പ്രസ്തുത ചോദ്യത്തിനു പറ്റിയ “സമര്‍ത്ഥനോത്തരം” വടിവൊത്ത കൈയ്യക്ഷരത്തിലെഴുതിച്ച് ഫോട്ടോക്കോപ്പിയെടുത്ത് തരുകയാണുണ്ടായത്. സ്കോട്ടിഷ് – ഇംഗ്ളിഷ് സാഹിത്യത്തിന്റെ തമ്പുരാന്മാരിലൊരാളായ വാള്‍ടര്‍ സ്കോട്ട് ആരാണെന്നോ എന്താണു സ്കോട്ടിന്റെ ശൈലിക്കും രാമന്‍‌പിള്ളയുടെ ശൈലിക്കും തമ്മില്‍ താരതമ്യം എന്നോ ഒരു പിടിയും ഇല്ലാതെ എന്തൊക്കെയോ എഴുതിച്ചേര്‍ത്ത് ഞാന്‍ മലയാളം രണ്ടാം പേപ്പറിനും തൊണ്ണൂറ്റിയെട്ട് ശതമാനം വാങ്ങി. എന്നുവച്ചാല്‍ എന്റെ പേപ്പര്‍ നോക്കിയ മഹാന്‍ മാര്‍ക്കിട്ടത് എനിക്കല്ല, എന്റെ അധ്യാപകന്റെ “സമര്‍ത്ഥന” സാമര്‍ത്ഥ്യത്തിനാണ്‌, പുള്ളിയുടെ വാചകങ്ങള്‍ക്കും വാക്കുകള്‍ക്കുമാണ്‌;  അക്ഷരാര്‍ത്ഥത്തില്‍.

അധ്യാപകരെയോ സ്കൂളിനെയോ കുറ്റം പറയാനല്ല ഇത്രയും എഴുതിയത്. ഞാനും എന്റെ കുടുംബവും ഒരു സബ് യൂണിറ്റായ നമ്മുടെ സമൂഹം നിശ്ചയിച്ചു വച്ച പാളത്തിലൂടെ എല്ലാരും ഓടുന്നു എന്നുറപ്പുവരുത്തുക എന്നത് മാത്രമായിരുന്നു  – ഒട്ടുമിക്ക സ്കൂളുകളെയുമെന്ന പോലെ – എന്റെ സ്കൂളിന്റെയും ദൗത്യം. അതവര്‍ ഭംഗിയായി നിര്‍‌വഹിച്ചു. നിന്റെ തലയിലും ഇത്രയുമൊക്കെ ഓടാന്‍ സമയമെടുക്കുമെന്നറിയാം. കിണറ്റിലെ തവളയ്ക്കെന്ത് ആകാശഗംഗ ? ബൈ ദ് വേ, പറഞ്ഞ് വന്നത് സ്കൂളൊരു പാഴ് സ്ഥലമാണെന്നല്ല. ഡിഗ്രി വാലില്ലാതെ മുകളിലോട്ട് പോകുക എന്നത് അസാധ്യമായ ഒരു സമൂഹത്തിലും കാലത്തിലും ജീവിക്കുമ്പോള്‍ അതിനൊത്ത് കളിക്കാതെ തരമില്ല. പക്ഷേ അക്ബറിന്റെ ഭരണ പരിഷ്കാരവും ലോകമഹായുദ്ധത്തിലെ ആര്‍ച് ഡ്യൂക്ക് ഫെര്‍ഡിനാന്റിന്റെ റോളും നേസ്റ്റ് ഇക്വേഷനും ആല്‍കഹോള്‍ ആല്‍ഡിഹൈഡ് ആവാന്‍ എത്ര തവണ ഓക്സിഡൈസ് ചെയ്യണമെന്നും ഒക്കെ വാരിത്തിന്നു മടുക്കുമ്പോള്‍ ഒരു സ്വല്പം സമയം ഉള്ളിലേക്ക് നോക്കാനും, പറ്റിയാല്‍ പുറത്തേയ്ക്ക് നോക്കാനും മാറ്റി വയ്ക്കുക.

ഇടയ്ക്ക് എവിടെയെങ്കിലും വച്ച്  “ഇതിലെവിടെയാ ദൈവം?” എന്ന് തോന്നിയാല്‍ അതൊരു തെറ്റല്ല 🙂

എന്ന് സ്വന്തം

ഉപദേശി ബ്രദര്‍ ജോണ്‍ പകലണ്ണാന്‍

 

— സൂരജ് രാജന്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Information

This entry was posted on June 4, 2014 by in Education, Society.
%d bloggers like this: