The Responsible Anarchist

Find a disorder in every order

അല്ലാ, അപ്പൊ ഈ കമ്മ്യൂണിസ്റ്റാരുടെ ജാതിയേതാണ്?

ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ്കാര്‍  ജാതി എന്ന പൊതിയാ തേങ്ങയുമായി ബുദ്ധിമുട്ടുകയാണെന്നും സവര്‍ണ മേധാവിത്വ – ഭൂരിപക്ഷ  പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മറ്റികളുമായി  ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എങ്ങിനെ മതനിരപേക്ഷതാ വാദങ്ങളോട് നീതി പുലര്‍ത്തുമെന്നും, അല്ലെങ്കില്‍ നടത്തിപ്പു കമ്മറ്റികളില്‍ ജാതി സമവാക്യങ്ങള്‍ കൃത്യമായി പാലിക്കാതെയോ സവര്‍ണ ജാതിയില്‍ നിന്നു വരുന്നവരെ തുരത്തി ദളിത്‌, പാര്‍ശവല്‍കൃത പ്രാധിനിത്യം ഉറപ്പാക്കാതെയോ പ്രവര്‍ത്തിക്കുന്ന ഇവര്‍ ജാതിവ്യവസ്ഥയെ തുടച്ചു നീക്കേണ്ട ജോലി സ്വന്തം കമ്മറ്റികളില്‍ നിന്നു തുടങ്ങാത്തത് എന്താണ് എന്നുമൊക്കെ കുറേ ചോദ്യങ്ങള്‍ – വാദങ്ങള്‍ കിടന്നു കറങ്ങുകയാണ്.

വിവാഹ ബന്ധം വഴി ഒരേ കുടുംബത്തില്‍ ഉള്ള രണ്ടു വ്യക്തികള്‍ അവര്‍ണ സവര്‍ണ ജാതി ഗ്രൂപ്പുകളില്‍ ആയതു കൊണ്ടു മാത്രം അവര്‍ ബന്ധുക്കളെന്ന് പറഞ്ഞു കൂടായെന്നു ഒരു തോറ്റ എം പി നെഞ്ചു വിരിച്ചു നിന്നു പ്രഖ്യാപിക്കുന്ന ഈ രാജ്യത്ത് ഈ നാട്ടിലെ മനുഷ്യര്‍ തന്നെ ഉള്‍ക്കൊള്ളുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങിനെ വ്യത്യസ്ഥമാകും?

വരിക, നോക്കാം….

ചരിത്രം

കറുപ്പും വെളുപ്പും എന്ന തൊലിപ്പുറം ആണ് സമൂഹത്തില്‍ വിവിധ അധികാരങ്ങളും സ്ഥാനമാനങ്ങളും തരുന്നത് എന്ന രീതിയില്‍ വിഭാഗീയതയില്‍ അധിഷ്ടിതമായാണ് ചാതുര്‍വര്‍ണ്യം എന്ന വര്‍ണ്ണ വിവേചന രീതി തുടങ്ങി വെച്ചത് എന്ന് അനുമാനിക്കാം. ആദ്യകാലത്ത്‌ ക്ഷത്രിയനുണ്ടായിരുന്ന ഉയര്‍ന്ന പദവി പിന്നീട് പുരോഹിത-ആര്യ ഭാഷാ- വര്‍ഗ്ഗം കൈയ്യടക്കി നേടുകയായിരുന്നു (Romila Thapar,A History of India: Volume 1, 1966; Penguin Books ). caste-system-in-Nepal ഇവിടെ ജാതിയുടെ അകത്തു  നിന്നുകൊണ്ടുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കണം എങ്കില്‍ അതിന്‍റെ ചിട്ടവട്ടങ്ങള്‍ അനുസരിക്കണം, പാലിക്കണം, പറ്റിയാല്‍ ജാതി മേന്മകള്‍ പ്രചരിപ്പിക്കയും അതിലെ ആള്‍ബലം ചോരാതിരിക്കാന്‍ പ്രയത്നിക്കുകയും വേണം. അങ്ങനെ പരിശീലിച്ച ഒരു വിഭാഗം ജനതയുടെ തലമുറകള്‍ ആണ് ജന്മനാ ഓരോ ജാതി കിട്ടുന്നു എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. അതായത് വര്‍ണ്ണ വിവേചനം തുടങ്ങിയ കാലത്ത്‌ അതിന് അനന്തരാവകാശം ഉണ്ടായിരുന്നില്ല പകരം വര്‍ണ്ണത്തിലും തൊഴിലിലും ആധാരമാക്കി ആയിരുന്നു. അതുപോലെ തന്നെ ബി സി ആറാം നൂറ്റാണ്ട് മുതല്‍ക്കു തന്നെ ഭാരതത്തില്‍ ജാതിയെ തള്ളിപ്പറഞ്ഞ് അതില്‍ നിന്ന് പുറത്തു ഒരു പ്രത്യേക വിഭാഗത്തില്‍ ചേര്‍ന്ന് ജീവിക്കാനുള്ള അവകാശവും ഉണ്ടായിരുന്നു എന്നു കാണാം (റഫ : ഥാപ്പര്‍)

ഈ രീതിയുടെ പിന്‍ തലമുറക്കാരാണ് നാമോരോരുത്തരും. നമ്മള്‍ ജനിക്കുമ്പോഴേ ഒരു ജാതിയില്‍ അല്ലെങ്കില്‍ മതത്തില്‍ എന്ന് പറയുന്നു. അച്ഛനമ്മാര്‍ ജാതി മത രഹിത ജീവിതം നയിച്ചവര്‍ ആണെങ്കില്‍ കൂടെയും. പഴയകാലത്ത്‌ ജാതിയുടെ ഉള്ളില്‍ നിന്ന് ആനുകൂല്യങ്ങള്‍ അനുഭവിച്ചാലും, വളരെയേറെ പീഡനങ്ങള്‍ അനുഭവിച്ചാലും, ഈ രണ്ടു തരം ആള്‍ക്കാരിലും ഏറിയപേര്‍ ഇതിന്‍റെ അതിരുകള്‍ ലംഘിച്ചില്ല. ആ കാലഘട്ടത്തില്‍ ഒരാളെ ഇന്ന ജാതിയില്‍ പെട്ടത് എന്ന് തരംതിരിച്ച് കാണണം എങ്കില്‍ ആ ജാതിയുടെ മേല്‍വിലാസമുള്ള ഒരു കുടുംബത്തില്‍ ജനിച്ചാല്‍ മാത്രം മതിയായിരുന്നു. പക്ഷെ ഇന്നതല്ല. സ്വാതന്ത്ര്യ സമരകാലഘട്ടങ്ങളിലും മുന്നോട്ടും ജാതി ജനനം കൊണ്ട് കിട്ടിയാലും അതില്‍ പെടുകയില്ല എന്ന് അംഗീകരിച്ചു  ജീവിക്കാന്‍ ഒരുപാട് പേര്‍ തയ്യാറായിരുന്നു. എന്ന് വെച്ചാല്‍ അതിന്‍റെ ആനുകൂല്യങ്ങള്‍ വേണ്ടാന്ന് വെയ്ക്കുകയും പീഡനങ്ങള്‍ നേരിടാന്‍ തയ്യാറല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തവര്‍, ഭഗത് സിംഗ്, ഡോ.ബി ആര്‍ അംബേദ്‌കര്‍ പ്രഭൃതികള്‍.

ഇനി, ജാതി ഉപേക്ഷിക്കുക എന്നതിലേക്കു വരാം. ഇതിനെ രണ്ടു തരത്തില്‍ കാണാം; ഒന്ന് മേല്‍പ്പറഞ്ഞത് പോലെ ചൂഷണം ചെയ്യുന്ന വര്‍ഗ്ഗത്തിന്‍റെ കൂടെ നില്‍ക്കാന്‍ താത്പര്യമില്ല, അല്ലെങ്കില്‍ ചൂഷിത വര്‍ഗ്ഗമായി തുടരാന്‍ താത്പര്യമില്ല എന്നതും, രണ്ട് ജാതി വ്യവസ്ഥിതി യുക്തി രഹിതമായ ചിന്തകളുടെ മേല്‍ നിര്‍മ്മിച്ചതായത് കൊണ്ട് അത് തള്ളിക്കളയല്‍, എന്നതും. ഇതില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ രണ്ടുമോ ചേര്‍ത്ത് ഒരാള്‍ക്ക്‌ ജാതി ഉപേക്ഷിക്കാം. ജാതി ജന്മനാ ഉള്ളതായി കാണപ്പെടുന്നതിനു കാര്‍ക്കശ്യം ഒന്നും ഇല്ലാതിരിക്കെ, ഒരാള്‍ ജീവിതത്തില്‍ വാക്കിലോ പ്രവര്‍ത്തിയിലോ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ജാതിയിലെ കീഴ്‌വഴക്കങ്ങള്‍ അനുസരിക്കുകയും പാലിക്കുകയും അതിലെ ചിട്ടകള്‍ പരിശീലിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അയാളില്‍ ആ ജാതിയുടെ പേരില്‍ ഒരു ഗുണമോ ദോഷമോ ചാര്‍ത്താന്‍ പറ്റൂ.

ഇനി ചോദ്യം: തുടക്കത്തില്‍ ഉന്നയിച്ച ചോദ്യത്തി(ങ്ങളി)ലേക്ക് മടങ്ങി വരാം: കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നത് സവര്‍ണ്ണര്‍ ആണെന്ന് പറയുമ്പോള്‍, യുക്തിയുക്തമായി അവര്‍ എന്തൊക്കെ സവര്‍ണ്ണത കൊണ്ട് നടക്കുന്നത് കൊണ്ടാണ് അങ്ങനെ മുദ്രകുത്തപ്പെടുന്നത്? അവരവരുടെ ജാതികളിലെ എന്തെല്ലാം ആനുകൂല്യങ്ങള്‍ അവര്‍ കൈപ്പറ്റുന്നു? അവരുടെ ജാതിയിലെ എന്തെല്ലാം കീഴ്‌വഴക്കങ്ങള്‍ അവര്‍ പാലിക്കുന്നു, പരിശീലിക്കുന്നു? അവരുടെ ജാതിയുടെ ഉന്നമനത്തിനായി അവര്‍ പ്രത്യക്ഷമായോ പരോക്ഷമായോ എന്തൊക്കെ ചെയ്യുന്നുണ്ട്? ഇതിനെല്ലാം കൃത്യമായ മറുപടികള്‍ ഇല്ലാതെ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാനമാനങ്ങള്‍ സവര്‍ണ്ണരാണ് കൈയ്യടക്കി വെച്ചിരിക്കുന്നത് എന്ന് പറയുന്നത് എന്ത് യുക്തിയുടെ പുറത്താണ്??

ഈ പറയുന്നവര്‍ എല്ലാം പ്രവര്‍ത്തിയിലും വാക്കുകളിലും കമ്മ്യുണിസം ശീലിക്കുന്നു, കമ്മ്യുണിസത്തിന്‍റെ ലക്ഷ്യങ്ങള്‍ നേടാന്‍ പരിശ്രമിക്കുന്നു, അത് പ്രചരിപ്പിക്കുന്നു, അങ്ങനെ എങ്കില്‍ അവരെ കമ്യൂണിസ്റ്റ്‌ എന്ന് തന്നെയും എന്ന് മാത്രവും അല്ലേ വിളിക്കേണ്ടത്? ജാതി ജീവിതത്തില്‍ പരിശീലിക്കുന്ന ആളുകളെ എല്ലാ തുറയില്‍ നിന്നും അളന്നു തൂക്കിയെടുത്ത് മെമ്പര്‍ഷിപ്പ് കൊടുത്തും,എണ്ണവും നീളവും ഒക്കെ നോക്കി സവര്‍ണ – അവര്‍ണ ബാലന്‍സ് നിലനിര്‍ത്തിയും മറ്റും പോളിറ്റ് ബ്യൂറോ ഉണ്ടാക്കുമ്പോള്‍ ജാതി ചിന്ത ഒഴിവായിക്കിട്ടുകയും  മതനിരപേക്ഷത പൂത്തുലയുകയും ചെയ്യും. വാട്ട് ആന്‍ ഐഡിയ!  ആ തരത്തില്‍ ഉണ്ടാക്കുന്ന ആള്‍ക്കൂട്ടത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നു വിളിക്കുന്നവനെ അടിയന്തിരമായി ചികിത്സിച്ചു സൌഖ്യമാക്കണം.മനസിലാക്കുക : പിബിയിലെ അംഗത്വം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അധിഷ്ഠിതമായ ഒന്നാണ്,  ഇടതുപക്ഷ ചിന്തയുടെ മൂല്യങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടിയെ വളര്‍ത്തുന്നതും തികച്ചും ഒരു ജാതി മത രഹിത സംരഭം ആണ്.

ചില അനന്തരചിന്തകള്‍

കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ ഇപ്പോഴുള്ള നേതാക്കന്മാര്‍ എല്ലാം ഭാരതത്തില്‍ ദളിത്‌ വര്‍ഗ്ഗം എഴുതാനും പഠിക്കാനും പോയിട്ട് പൊതുനിരത്തില്‍ ഇറങ്ങി നടക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന കാലത്തു  നിന്നുള്ളവര്‍ ആണ്. അന്ന് സവര്‍ണ്ണ കുടുംബങ്ങളില്‍ നിന്നുള്ള അനവധിയാളുകള്‍ അവര്‍ക്കു ലഭ്യമായ സൌകര്യങ്ങള്‍ മുതലാക്കി വിദ്യാഭ്യാസം നേടി അനീതികള്‍ തിരിച്ചറിഞ്ഞു ജാതി വ്യാപാരങ്ങള്‍ നിര്‍ത്തി ചൂഷിത വര്‍ഗ്ഗത്തിന്‍റെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചു. അവര്‍ക്ക് ഉന്നത ജാതി വ്യവസ്ഥകള്‍ ഫ്രീയായി സമ്മാനിച്ച സകല സൌകര്യങ്ങളും വലിച്ചെറിഞ്ഞു വന്ന വ്യക്തികള്‍ പില്‍ക്കാലത്തൊരിക്കലും ജാതി വ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ നുകരാന്‍ പോയില്ല.പകരം അതു തച്ചുടയ്ക്കുവാന്‍ ജാതി മത ചിന്തകള്‍ക്കും സംവിധാനങ്ങള്‍ക്കും അതീതമായി ജനങ്ങളെ സംഘടിപ്പിച്ചു.ഡോ. ബി ആര്‍ അംബേദ്‌കറിനെപ്പോലെയുള്ള ചുരുക്കം ചിലര്‍ക്കു മാത്രമാണ് ദളിതരുടെ കൂട്ടത്തില്‍ നിന്നും ഉയര്‍ന്നു വരാന്‍ അവസരങ്ങള്‍ ലഭിച്ചത്. പാര്‍ട്ടിയുടെ വളര്‍ച്ചയുടെ രംഗങ്ങള്‍ ഇങ്ങനെ സംക്ഷിപ്തമായ ഒരു വീക്ഷണത്തിലൂടെ കണ്ടാലെ അതിനൊരു യുക്തിയുള്ളൂ. സ്വാതന്ത്ര്യസമര സേനാനികളെ എടുത്തു നോക്കൂ, കൂടുതലും ഇങ്ങനെ ഒരു സവര്‍ണ്ണത ആരോപിക്കാവുന്ന ആളുകളല്ലേ, അതുകൊണ്ട് അവര്‍ക്കൊരു സവര്‍ണ്ണ അജണ്ട ഉണ്ടായിരുന്നു എന്ന് പറയുന്നതില്‍ വല്ല കഴമ്പുമുണ്ടോ?

മറുചിന്ത 

 ജാതി അഥവാ ഉദ്യോഗ-തൊഴിലാളി-സ്ഥാനം ജന്മനാ ഉള്ളതാണ് എന്നും അതില്‍ ഒരു അധികാര ശ്രേണിയുണ്ട് എന്നും അരക്കിട്ടുറപ്പിക്കുന്ന ജാതി സമ്പ്രദായം കമ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ്‌ ചിന്തകള്‍ക്ക്‌ എതിരാണ്. അത്തരം പ്രവണതകള്‍ ഭാരതത്തില്‍ നിന്നത് തുടച്ചു മാറ്റുക എന്നതാണ് കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ലക്ഷ്യവും.അല്ലാതെ കൂടുതല്‍ കൂടുതല്‍ അവര്‍ണ്ണ സവര്‍ണ്ണ ചിന്തകള്‍ പടച്ചു വിട്ടു അതിനു ആക്കം കൂട്ടുന്നത്  കമ്യൂണിസ്റ്റ്  മൂല്യമുള്ള ചിന്തയല്ല.

മായാലീല / വി എസ്

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Information

This entry was posted on June 9, 2014 by in Communism, Religion, Society and tagged , , .
%d bloggers like this: