The Responsible Anarchist

Find a disorder in every order

അപ്പൊ ബഹു.ആണുങ്ങള്‍,ഞങ്ങ എങ്ങിനെ സമരം ചെയ്യണം എന്നു കൂടി ഡിക്റ്റേറ്റ് ചെയ്തു തരുമോ?

ഉത്തരേന്ത്യയില്‍ രണ്ടു പെണ്‍കുട്ടികളെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയിട്ടു കൊന്നു കെട്ടിത്തൂക്കിയതിതിരേ കേരളത്തില്‍ സ്ത്രീകള്‍ സംഘടിപ്പിച്ച ഒരു പ്രക്ഷോഭത്തെ എതിര്‍ത്ത് വന്ന വാദങ്ങളെ പറ്റി കുറച്ചു കാര്യങ്ങള്‍   :

ഒന്ന്

നഗ്നസമരം നഗ്ന സമരം എന്നൊക്കെ പറയുന്നെങ്കിലും പങ്കെടുത്ത സ്ത്രീകള്‍ ആരും നഗ്നരായിരുന്നില്ല. ഒറ്റത്തുണി കൊണ്ട് പല ഞൊറി എടുത്തുടുക്കുന്ന സാരി പോലെ തന്നെയാണ് ദേഹം മുഴുവന്‍ അവര്‍ ഒരു തുണി കൊണ്ട് മറച്ചിരിക്കുന്നത്. അത് സത്രീയുടെ നഗ്നതയായി കാണുന്നവര്‍ ആ പൊതിഞ്ഞിരിക്കുന്ന തുണിയുടെ അടിയിലെ സ്ത്രീയുടെ ശരീരമാണ്  കണ്ടിരിക്കുന്നത്. കേരളത്തിലെ ഒട്ടുമുക്കാല്‍ പുരുഷന്മാരും പിന്നെ മാധ്യമ പ്രവര്‍ത്തകരും എക്സ്റേ കണ്ണുകളോടെ കണ്ടത് ഷീറ്റില്ലാതെ നില്‍ക്കുന്ന സ്ത്രീകളെ ആണ്. (To extrapolate, ഇതേ എക്സ്റേ കണ്ണുകള്‍ പൊതുനിരത്തിലും മറ്റും കാണുന്ന സ്ത്രീകളുടേയും നഗ്ന ശരീരം തന്നെയാവും കാണുന്നുണ്ടാവുക.) ഇനി അവര്‍ അടിവസ്ത്രം ധരിച്ചിട്ടില്ല എന്നതാണ് ഈ പുരുഷന്മാരുടെ ഉറക്കം കളഞ്ഞതെങ്കില്‍ അതിവര്‍ക്ക് എങ്ങനെയറിയാം എന്ന് ചോദിക്കേണ്ടി വരും. ഊഹിച്ചതാകണം, ആ സ്ത്രീകളോട് ചോദിച്ചറിഞ്ഞതാകാന്‍ വഴിയില്ല. അങ്ങനെ എങ്കില്‍ അടിവസ്ത്രമില്ലാതെ സ്ത്രീകള്‍ സമരം ചെയ്തതാണ് ഇവരുടെ പ്രശ്നം എന്ന് അനുമാനിക്കാം. അടിവസ്ത്രമില്ലാതെ സമരം ചെയ്യാന്‍ പാടില്ല എന്ന് നിയമമില്ല, ഉവ്വോ?? 

പ്രശ്നം സ്ത്രീകളുടെതല്ല പുരുഷന്മാരുടെതാകുന്നു, സ്ത്രീ ശരീരത്തെ കുറിച്ചുള്ള ഇവരുടെ ഉറക്കം കളയുന്ന ചിന്തകളാകുന്നു, സ്ത്രീ നഗ്നതയെന്ന സമാധാനം കെടുത്തുന്ന കൊതിയാകുന്നു. പിന്നെ സ്വന്തം ശരീരം ഒരു സ്ത്രീ എന്തു ചെയ്യണമെന്ന് തീരുമാനിക്കുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭയമാകുന്നു. ഈ പുരുഷന്മാരെ അങ്ങനെ വിടുക, അവര്‍ സമൂഹത്തിന്‍റെ ഭൂരിപക്ഷമാണ്, മതവാദികളായും, യുക്തിവാദികളായും, ഇടതുപക്ഷമായും ഒക്കെ പല തോലുകളില്‍ കാണപ്പെടുന്ന അതേ പഴയ പുരുഷാധിപത്യക്കുറുക്കന്മാര്‍.

രണ്ട്

സമരം ചെയ്യുന്നത് ഒരാളുടെ അവകാശമാണ്, അത് ഏതു രീതിയില്‍ ചെയ്യണമെന്ന് ഒരാള്‍ക്കും ശഠിക്കാന്‍ കഴിയില്ല, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി അവര്‍ നടത്തുന്ന സമരരീതികളെ കുറിച്ച് പുരുഷപ്രജകള്‍ അഭിപ്രായം പൊക്കിപ്പിടിച്ചു വരുന്നത് എങ്ങിനെ വച്ചു പൊറുപ്പിക്കും?  മണിപ്പൂരില്‍ നടന്ന നഗ്ന സമരത്തെ യുക്തിയുകത്മായി വിശകലനം ചെയ്‌താല്‍, (കേരളത്തില്‍ ഒരു നഗ്ന സമരവും നടന്നിട്ടില്ല, ഉണ്ടെന്നു പറയുന്നത് കഴുകന്‍ കണ്ണുകളാണ്) സ്ത്രീ നഗ്നത അത്ര ഭയങ്കര പൊറുപ്പിക്കാന്‍ പറ്റാത്ത തെറ്റാണെങ്കില്‍ ഈ പുരുഷന്മാര്‍ എന്തുകൊണ്ട് വിപണിയ്ക്ക് നേരെ ആദ്യം കൈചൂണ്ടുന്നില്ല?? എലിവിഷം വില്‍ക്കാന്‍ പോലും പകുതിയോ മുഴുവനോ ആയ സ്ത്രീ ശരീരത്തെ ആണ് വിപണി ഉപയോഗിക്കുന്നത്, എന്തുകൊണ്ട് അതിനെ എതിര്‍ക്കുന്നില്ല? ബോധം വെച്ച കാലം മുതല്‍ കാണുന്നുണ്ടാവുമല്ലോ ആ നഗ്നത. അതിനെ എതിര്‍ക്കാന്‍ വഴിയില്ല, കാരണം അത് ഏതോ പെണ്ണുങ്ങള്‍ ആണ്, അവരുടെ നഗ്നത ആണുങ്ങള്‍ക്ക് കാണാനും സുഖിക്കാനും ഉള്ളതാണ്. പക്ഷെ വീട്ടുമുറ്റത്ത്‌ സാധാരണ പെണ്ണുങ്ങള്‍ അത് ചെയ്യാന്‍ പാടില്ല, ശാന്തം പാപം, മാര്‍ക്സ് ഭഗവാന്‍ കോപിക്കും, സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തകരും. കൊല്ലങ്ങളായി സ്ത്രീ നഗ്നത വില്‍ക്കുന്ന വിപണിയില്‍ ഒരു ഉളുപ്പും ഇല്ലാതെ അത് ആസ്വദിക്കുന്ന പുരുഷന്, തന്‍റെ അധികാരത്തില്‍ ഇരിക്കുന്ന ഒരു സ്ത്രീ ചിലപ്പോ ചെയ്തു കളഞ്ഞേക്കാവുന്ന നഗ്നതാ പ്രദര്‍ശനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. തന്‍റെ അധികാരത്തില്‍ ഉള്ള സ്ത്രീയുടെ ചിന്ത മുതല്‍ ശരീരം വരെ ആ പുരുഷന്‍റെ സ്വന്തം സ്വകാര്യ സ്വത്താണല്ലോ, ടിവിയിലും മറ്റും വരുന്നതൊക്കെ പൊതുമുതല്‍ ആയ ചരക്കുകളും..അതിലെ ഇരട്ടത്താപ്പ്‌ സാമാന്യബോധം ഉള്ളവര്‍ക്ക്‌ മനസ്സിലാവും. മണിപ്പൂരിലെ സ്ത്രീകളുടെ സമരം നടക്കുമ്പോള്‍ സമരം കാണാതെ അതിന്‍റെ കാരണം കാണാതെ അവരുടെ നഗ്നത കാണുന്ന പുരുഷന്‍ ആ പാടിപ്പഴകിയ വിപണന തന്ത്രത്തിന്‍റെ ഇരയാണ്, സ്ത്രീ നഗ്നത പുരുഷന്‍റെ കാമശമനത്തിന് ഉള്ളതാണ് എന്ന തന്ത്രം. ഒരു സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണ്. അത് നഗ്നമായോ അല്ലാതെയോ അവള്‍ക്ക് കൊണ്ടുനടക്കാം. കാമം മൂത്താണ് അവളതു ചെയ്യുന്നത് എന്നത് നിങ്ങളിലെ കാമഭ്രാന്തന്‍ ഉണര്‍ത്തി വിടുന്ന ചിന്തയാണ്. സ്ത്രീയുടെ നിലനില്‍പ്പ്‌ പുരുഷന്‍ എന്നതില്‍ ആശ്രയിച്ചല്ല.

 

Screen-Shot-2014-06-09-at-5.06.58-AM-800x450

മൂന്ന്

മറ്റൊരു സ്ത്രീയും ഇത് ചെയ്യാന്‍ തയ്യാറാകില്ല എന്ന് ഉറപ്പിച്ചു പറയുന്ന ഒരു പുരുഷാഭിപ്രായം കണ്ടിരുന്നു, അവരുടെ മനശ്ശാസ്ത്രം നമ്മള്‍ മനസ്സിലാക്കണം, അവരുടെ ഭയത്തെ നമ്മള്‍ സഹതപിക്കണം. ‘എന്‍റെ വീട്ടിലോ എന്‍റെ വരുതിയിലോ ഉള്ള ആര്‍ക്കെങ്കിലും അങ്ങനെ ചെയ്യാന്‍ തോന്നുമോ’ എന്ന ഭയത്താല്‍ ആണ് ഇത്തരം ഒരു സമരം “നല്ല” പെണ്ണുങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്ന് ആദ്യമേ പ്രഖ്യാപിക്കുന്നത്. പിന്നെ അങ്ങനെ അങ്ങ് തുറന്നു പറയാന്‍ കഴിയില്ലല്ലോ അതുകൊണ്ടാണ് കണ്ടു നില്‍ക്കുന്ന ആണുങ്ങളും നഗ്നരായി സമരം ചെയ്യാന്‍ തയ്യാറാവില്ല എന്ന് ചേര്‍ത്തത്. അല്ലെങ്കില്‍ അര്‍ദ്ധനഗ്നനായായി മൈക്രോ മിനി പോലെ മുണ്ടും ഉടുത്ത് മാത്രം നടക്കുന്ന മലയാളി പുരുഷന് ആണിന്‍റെ നഗ്നതയില്‍ എന്ത് ആശങ്ക!?

നാല്

 ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് ഇവിടെ തുണി ഉരിഞ്ഞിട്ടെന്തു കാര്യം  എന്ന് ചോദിക്കുന്നവരോട്, ഇന്ത്യയില്‍ നാലില്‍ ഒരു സ്ത്രീ ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരാണ്. അതായത് കേരളത്തില്‍ നിങ്ങള്‍ക്ക്‌ ആകെ നാല് പെണ്ണുങ്ങളെയെ അറിയാവൂ എങ്കില്‍ അതില്‍ ഒരാള്‍ തീര്‍ച്ചയായും ഒരു പുരുഷനില്‍ നിന്ന് ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവള്‍ ആണ്. അതിനു എതിരേ എന്തുകൊണ്ട് ഇവിടെ തെരുവുകള്‍ കത്തുന്നില്ല എന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ട ഇടതുപക്ഷ – പുരോഗമന ചിന്താഗതിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പഴും അയ്യോ പെണ്ണിന്‍റെ കാലു കണ്ടേ തല കണ്ടേ മുടി കണ്ടേ എന്ന് കരഞ്ഞുകൊണ്ടിരിക്കുന്നു! സദ്ദാമിനെ കൊന്നപ്പോള്‍ കേരളത്തില്‍ എന്തിനാണ് സമരം നടത്തിയത്‌? അമേരിക്കയുടെ നിലപാടുകള്‍ക്ക്‌ എതിരേ കുന്നുംകുളംകാരന് എന്ത് ചൊറി? ഉത്തരമുണ്ടോ?

അഞ്ച്

ഈ supposedly നഗ്ന സമരം കഴിഞ്ഞിട്ട് കേരളത്തില്‍ ഏതോ ജില്ലയില്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയതായി വാര്‍ത്ത കണ്ടിരുന്നു, ഓപി തുറക്കാതെ രോഗികളെ നോക്കാതെ. അമ്പതും അറുപതും കിലോമീറ്റര്‍ കടംവാങ്ങി കിട്ടിയ വണ്ടിക്കൂലിയും കൊടുത്തു വന്ന വയസായ രോഗികള്‍ എന്ത് തന്നെ ചെയ്യണം എന്നറിയാതെ പകച്ചു നിന്നുപോയ ഒരു സമരം. അതൊന്നും ആരും കാണുകയുമില്ല കേള്‍ക്കുകയുമില്ല. ആ സമരരീതിയ്ക്ക് എന്തെങ്കിലും യുക്തിയുണ്ടോ എന്ന് ഒരു പുരുഷനും സ്ത്രീയും അന്വേഷിച്ചില്ല. കാരണം സ്വന്തം എന്നതിനെ ബാധിക്കുമ്പോള്‍ അല്ലെങ്കില്‍ ബാധിച്ചേക്കാം എന്ന് ഭയമുള്ളപ്പോള്‍ ആണ് പ്രബുദ്ധ മലയാളി പ്രതികരിക്കുക. ‘എന്‍റെ സ്ത്രീ എന്‍റെ ഉപയോഗവസ്തുവായിരിക്കാതെ അവള്‍ സ്വന്തമായി ചിന്തിച്ച് ഇത്തരമൊരു സമരത്തിന്‌ പോയാലോ’ എന്ന് ഭയന്നാണ് ഇപ്പോഴേ പെരുമ്പറ മുഴക്കി ഒക്കതിനേയും നിശബ്ദമാക്കി അടുക്കളയിലേക്ക് തള്ളിവിടുന്നത്.

സ്ത്രീയുടെ അവകാശങ്ങളെ പറ്റി യുക്തിസഹമായി ചിന്തിക്കുക എന്നത് കേരളം പോലെ ഒരു കടുത്ത പുരുഷാധിപത്യ സമൂഹത്തില്‍ വളര്‍ന്ന ഒരു പുരുഷന് വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകളും ഇപ്പോഴും സ്ത്രീ, പുരുഷന്‍റെ ക്രമപ്പെടുത്തലുകള്‍ക്ക് വഴങ്ങി നിലനില്‍ക്കണമെന്നു ഉറച്ചു വിശ്വസിക്കുന്നു, അത് നടപ്പിലാക്കുന്നു.

Leave a comment

Information

This entry was posted on June 17, 2014 by in Uncategorized.