The Responsible Anarchist

Find a disorder in every order

ഡിട്ട്രോയിട്ടില്‍ നിന്നും ചില ജലദരിദ്ര വര്‍ത്തമാനങ്ങള്‍

ചരിത്രമാകെ മഞ്ഞലോഹത്തിനും കറുത്ത പൊന്നിനും എണ്ണയ്ക്കും വേണ്ടിയുള്ള  അധിനിവേശ ശക്തികളുടെ പടയോട്ട കാഹളങ്ങളാണ് നിറയെ. എന്നാല്‍ വരാനിരിക്കുന്ന കാലം വെള്ളം എന്ന നീല സ്വര്‍ണത്തിനു വേണ്ടിയുള്ള യുദ്ധങ്ങളുടേതായിരിക്കുമെന്ന നഗ്ന സത്യം ദിനം പ്രതി വെളിവായി വരുന്ന കാഴ്ചയാണെങ്ങും.  ജീവന്‍റെ ഉറവകളെപ്പോലും കച്ചവടക്കണ്ണു കൊണ്ടുഴിഞ്ഞൂറ്റിയെടുത്ത്   ലാഭം കൊയ്തു കൂട്ടുന്ന മനുഷ്യത്വരാഹിത്യത്തിന്‍റെ  നേര്‍സാക്ഷ്യം കൂടിയാണവ.

വികസ്വര – മൂന്നാം ലോക – പട്ടിണി – വരള്‍ച്ച രാജ്യങ്ങളില്‍ നിന്നുള്ള കഥകള്‍ മാത്രമല്ലിത്. ആഗോള മൂലധന എമാന്മാരായ അമേരിക്കയില്‍ പോലും വിശേഷങ്ങള്‍ വ്യത്യസ്തമല്ല.അമേരിക്കൻ മോട്ടോർ വ്യവസായത്തിന്‍റെ കളിത്തൊട്ടിൽ എന്നുവിശേഷിപ്പിക്കാവുന്ന ഡിട്രോയിറ്റ് പട്ടണം കഴിഞ്ഞ വർഷം ജൂലൈ ഇതേ ദിനങ്ങളിലാണ് പാപ്പരത്വ ഹർജി ഫയൽ ചെയ്യുന്നത്. ജനസാന്ദ്രതയിൽ നാലാംസ്ഥാനത്തുവരുന്ന അമേരിക്കൻ പട്ടണമായ ഡിട്രോയിറ്റ് പാപ്പരത്വ ഹർജിയുടെ കാര്യത്തിൽ ചരിത്രമാണ്. ഒരു വലിയ സിറ്റി അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. കടം പെരുകി പെരുകി ഒടുവിൽ അത് 18മുതൽ 20 ബില്യൺ ഡോളറിന്‍റെ കടത്തിലേക്ക് എത്തുമ്പോൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ ഇനി ചെയ്യാൻ ആകെക്കഴിയുന്നത് പട്ടണം അടച്ചുപൂട്ടുക എന്നതാണ്. ഓട്ടൊമൊബൈൽ വ്യവസായത്തിന്റെ കടന്നുവരവോടുകൂടെ 20ആം നൂറ്റാണ്ടിന്‍റെ  ആദ്യപകുതിയിൽ പട്ടണം വളർച്ചയുടെ ഉന്നതിയിലേക്ക് കുതിച്ചുയരുകയായിരുന്നു. 1950ൽ 1.8മില്യൺ ജനസംഖ്യയുണ്ടായിരുന്ന നഗരം ഇന്ന് 700,000ആളുകളൂം ശൂന്യമായ കെട്ടിടങ്ങളുടേയും, ഉപേക്ഷിക്കപ്പെട്ട ഭൂപ്രദേശങ്ങളുടെയും വിളക്കുകൾ തെളിയാത്ത തെരുവീഥികളുടെയും നഗരമാണ്. ഡിട്രോയ്റ്റ് ഗവർണർ നിയമിച്ച എമർജെൻസി ഫൈനാൻസ് മാനേജർ കെവിൻ ഡി ഓറിന്‍റെ   നിർദ്ദേശപ്രകാരം ആണ് നഗരത്തെ പാപ്പർ ആയി പ്രഖ്യാപിക്കുന്നത്. വെള്ളക്കാർക്കു ഭൂരിപക്ഷമുള്ള മിഷിഗൺ സംസ്ഥാന ഭരണകൂടം വളരെക്കാലമായി 80ശതമാനത്തിലധികം ആഫ്രിക്കൻ അമേരിക്കൻ വംശജരുള്ള ഡിട്രോയ്റ്റ് സിറ്റിയെ ഡെമൊക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഇതു സംഭവിച്ചത്.

sns-rt-us-usa-detroit-bankruptcy-vote-20140721ഇന്ന് ഡിട്രോയ്റ്റ് നഗരം ഒരു പരീക്ഷണ ശാലയാണ്.സർക്കാർ ഇറക്കുന്ന ബോൻഡുകൾ, മുൻസിപ്പൽ ബോൻഡുകൾ, പെൻഷൻ ഫണ്ടുകൾ, പെൻഷൻ, വൈദ്യുതി,കുടിവെള്ള വിതരണം ഒക്കെ എങ്ങനെ പാപ്പർ ഹർജി ഫയൽ ചെയ്യുന്ന ഒരു നഗരം കൈകാര്യം ചെയ്യണം എന്നതിന്. പാപ്പർ ഹർജി ഫയൽ ചെയ്യുവാൻ തയ്യാറായി നില്ക്കുന്ന മറ്റ് സിറ്റികൾക്ക് ഡിട്രൊയ്റ്റ് ആവും മാതൃക.പാപ്പരാകുന്ന ഒരു സിറ്റി അതിലെ നിവാസികൾക്ക് കുടിവെള്ളം മുട്ടിക്കണോ വൈദ്യുതി കണക്ഷനുകൾ വിശ്ചേദിക്കണോ, തൊഴിലാളികളുടെയും, ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ മുട്ടിക്കണോ, വാർദ്ധക്യകാല പെൻഷൻ നിഷേധിക്കണോ എന്നതൊക്കെ ഇന്ന് ഡിട്രോയ്റ്റ് എന്ന പരീക്ഷണശാലയിൽ നടപ്പിലാകുന്നതാവും നാളെ മൊത്തം അമേരിക്കക്കും മാതൃക. ഒരു പക്ഷെ അമേരിക്കൻ മോഡൽ കോർപ്പറേറ്റ് വത്കരണം പിന്തുടരുവാൻ വെമ്പുന്ന മറ്റ് ലോക രാഷ്ട്രങ്ങൾക്കും ഇതാവും പുതിയ മാതൃക.

മിഷിഗൺ എന്ന ഫ്രഞ്ച് വാക്കിന്‍റെ  അർഥം തന്നെ വൻ‌കടൽ (വലിയ ജലസമ്പത്ത്) എന്നാണ്. വാക്കിനെ അന്വർഥമാക്കും വിധം രണ്ട് ഉപദ്വീപുകൾ ചേർന്നുള്ള ഒരു സംസ്ഥാനമാണ് മിഷിഗൺ. അമേരിക്കയിലും കാനഡയിലുമായി നീണ്ടുകിടക്കുന്ന ഗ്രെയ്റ്റ് ലേക്സ് എന്ന് അറിയപ്പെടുന്ന അഞ്ചു തടാക ശൃംഖലകളിൽ നാലും ഈ സംസ്ഥാനത്തിന്റെ ഭാഗമാണ്. ലോകപ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം പോലും ഈ തടാക ശൃംഖലയുടെ ഭാഗമാണ്.ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തീരമുള്ള ഒരു ഭൂവിഭാഗത്തെതന്നെയാണ് ജലസമ്പന്നത എന്ന അർഥമുള്ള മിഷിഗൺ എന്നുതന്നെ വിളിക്കുന്നതും. അതുകൊണ്ടുതന്നെ ഒരു മിഷിഗൺകാരൻ ശുദ്ധജല ഉറവയുടെ ആറു മൈൽ പ്രദേശത്താണ് എപ്പോഴും ജീവിക്കുന്നത്. ലോകപ്രശസ്തമായ ഗ്രേയ്റ്റ് ലേക് തടാകങ്ങളിൽ നിന്ന് ഏതാണ്ട് 85 മൈൽ ദൂരം മാത്രമാണ് മിഷിഗൺ സംസ്ഥാനത്തെ മുഴുവൻ ആളുകളുടെയും വാസസ്ഥലവുമായുള്ള ഏറ്റവും കൂടിയ ദൂരം. കുട്ടനാടുപോലെ ജലത്താൽ ചുറ്റപ്പെട്ട ഒരു ആവാസവ്യവസ്ഥിതിയിൽ ജീവിക്കുന്ന സമൂഹത്തിനു കുടിവെള്ളം നിഷേധിക്കപ്പെടുന്ന ദുരന്തം ആണ് ഇന്ന് മിഷിഗണിലെ ഡിട്രോയ്റ്റ് നഗരം നേരിട്ടുകൊണ്ടിരിക്കുന്ന ജലപ്രതിസന്ധി എന്നു പറയുമ്പോൾ ആണ് മുകളിൽ കുറിച്ച വിവരണങ്ങൾ നമ്മെ ഞെട്ടിക്കുക.

പട്ടിണിയോടു മല്ലിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രേതനഗരമാണ് ഡിട്രോയ്റ്റ് ഇന്ന്. കറുത്തവംശജർക്ക് ഭൂരിപക്ഷമുള്ള ഈ നഗരത്തിലെ 80 ശതമാനം കറുത്തവംശജരും 40 ശതമാനം മറ്റ് താമസക്കാരും പട്ടിണിയിലാണ് ജീവിക്കുന്നത്. കത്രിന കൊടുങ്കാറ്റ് വിതച്ച നാശത്തിനുതുല്യമായ ഒരു മനുക്ഷ്യാവകാശ ദുരന്തത്തിലാണ് ഇന്ന് ഈ പട്ടണം.കടക്കെണിയിൽ പെട്ട ഈ നഗരത്തിന്റെ കടത്തിന്റെ കണക്കെടുപ്പുകൾക്കും മറ്റുമായി തയ്യാറാക്കിയ ഡിട്രോയ്റ്റ് എമർജെൻസി മാനേജർ കെവിൻ ഓർ പറയുന്നത് നഗരത്തിന്‍റെ  കടം കുറക്കുന്നതിന്‍റെ  ഭാഗമായി നഗരത്തിലെ ശുദ്ധജലവിതരണം നിർത്തുവാൻ അദ്ദേഹം നിർബന്ധിതനായിരിക്കുന്നു എന്നാണ്.

എന്നാൽ വസ്തുത എന്താണ്? ഡിട്രോയിറ്റ് നഗരം കത്തുന്ന ചൂടിലേക്ക് വഴുതിമാറിക്കൊണ്ടിരിക്കയാണ് ഈ ദിവസങ്ങളിൽ ഇപ്പോൾ തന്നെ ആയിരക്കണക്കിനു നഗരവാസികളുടെ കുടിവെള്ള ബന്ധം വിശ്ചേദിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാർച്ചുമാസം മുതൽ ഒരു ആഴ്ചയിൽ 3000 വീടുകളിലെ എന്ന നിരക്കിലാണ് ശുദ്ധജല കണക്ഷനുകൾ അവർക്കു അതിന്‍റെ  വില താങ്ങാൻ പറ്റുന്നില്ല എന്നതിനാൽ വിശ്ചേദിച്ചുകൊണ്ടിരിക്കുന്നത്. 150,000 കണക്ഷനുകൾ ആണ് രണ്ടു മാസത്തെ ബിൽ അടക്കാത്തവരുടെതായി വിശ്ചേദിക്കുവാൻ എക്സിക്യൂട്ടിവ് തീരുമാനം എടുത്തിരിക്കുന്നത്. അമേരിക്കയിലെ മറ്റു സ്ഥലങ്ങളുമായി തുലനം ചെയ്താൽ ഡിട്രോയ്റ്റിൽ ശുദ്ധജലവിതരണത്തിന് ഈടാക്കുന്നത് കൂടിയ ചാർജ്ജാണ്. ലോകത്തിൽ ഏറ്റവും അധികം ശുദ്ധജലമുള്ള രണ്ട് ഉപദ്വീപുകൾ ചേർന്ന മിഷിഗൺ സംസ്ഥാനത്തെ ഡിട്രോയിറ്റിൽ ഒരു മാസത്തേക്കുവേണ്ട ശുദ്ധജലത്തിനു ഈടാക്കുന്ന ചാർജ്ജ് ദേശീയ ശരാശരിയെക്കാൾ രണ്ടിരട്ടിയാണ്. കടന്നുപോയ സാമ്പത്തിക പ്രതിസന്ധിയിൽ തകർച്ച അതിന്റെ പരിപൂർണ്ണതയിലേക്ക് എത്തിച്ച ഈ നഗരത്തിലെ ടാക്സ് കൊടുക്കുവാൻ കഴിവുള്ള ബഹുഭൂരിപക്ഷവും ഈ നഗരത്തെ ഉപേക്ഷിച്ച്  പ്രാന്തപ്രദേശങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. അങ്ങനെ ഒഴിഞ്ഞുപോകുവാൻ ഒരു മാർഗ്ഗവുമില്ലാത്ത ദരിദ്രനാരായണന്മാർ ആണ് ഈ കൊടിയ ദുരന്തത്തിന്റെ തീമുഴുവൻ തിന്നുന്നത്. ഉപേക്ഷിക്കപ്പെട്ടതും അനാഥമാക്കപ്പെട്ടതുമായ ഭവനങ്ങളിലെ പൈപ്പുകളൂം മറ്റും പൊട്ടി ഒലിക്കുന്നത് ഈ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.പ്രാദേശിക ആക്ടിവിസ്റ്റുകൾ പറയുന്നത് ഡിട്രോയ്റ്റ് നഗരം മുഴുവൻ ഇങ്ങനെ പൊട്ടിഒലിക്കുന്ന വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നാണ്.

Detroit-Waterഡിട്രോയ്റ്റിനോടു ചേർന്നുകിടക്കുന്ന അയൽ രാജ്യമായ കാനഡ അതിർത്തിക്കപ്പുറേക്ക് വലിയ കപ്പലുകൾ നിറയെ ബാരലുകണക്കിനു കുടിവെള്ളം എത്തിക്കയാണ് ഈ ഗുരുതരമായ മനുക്ഷ്യാവകാശ പ്രശ്നത്തെ നേരിടാനും അതൊടൊപ്പം ഈ ദുരന്തത്തെപ്പറ്റി അവബോധം വളർത്താനുമാണ് ഇതിലൂടെ കനേഡിയൻ സർക്കാർ ശ്രമിക്കുന്നത്. ഡിട്രോയിറ്റിലെ ഒരു കൂട്ടം ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മയായ “ദി പീപ്പിൾസ് വാട്ടർ ബോർഡ്” ഈ മനുക്ഷ്യാവകാശ ലംഘനത്തെ ചോദ്യം ചെയ്യുവാൻ ഉറച്ചിരിക്കയാണ്. യു.എന്നിന്‍റെ  ശുചിത്വവും സുരക്ഷിതമായ കുടിവെള്ളത്തിനുള്ള മനുക്ഷ്യാവകാശ കമ്മീഷനുമുന്നിൽ അമേരിക്കക്ക്  എതിരെ പരാതി നല്കിയിരിക്കയാണ് ഈ സംഘടന. അന്താരാഷ്ട്ര ജലാവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്‍റെ  നേതാവും  അമേരിക്കയിലെ കനേഡിയൻ വംശജരുടെ സംഘടനയായ ദി കൌൺസിൽ ഓഫ് കനേഡിയൻസിന്‍റെ  ദേശീയ ചെയർപേഴ്സണുമായ മൌദെ ബാർലൊയുടെ പിന്തുണയിൽ ആണ് യു.എൻ ജലാവകാശത്തിനുള്ള കമ്മീഷനിൽ പരാതി  നല്കിയിരിക്കുന്നത്.

മൌദെ ബാർലൊയുടെ വാക്കുകളിൽ കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള മനുക്ഷ്യാവകാശങ്ങളുടെ വലിയ ലംഘനമാണിത്. അതൊടൊപ്പംതന്നെ ഏറ്റവും അടിസ്ഥാനപരമായ മനുക്ഷ്യാവകാശമായ വ്യക്തിയുടെ അന്തസ്സും അഭിമാനവും ഇതിലൂടെ ഹനിക്കപ്പെടുകയാണ്.ഡിട്രോയിറ്റിൽ പിന്തള്ളപ്പെട്ടുപോയിരിക്കുന്ന ജനത ദരിദ്രരും അതിൽ ബഹുഭൂരിപക്ഷവും ആഫ്രിക്കൻ അമേരിക്കൻ വയോവൃദ്ധരും, ആൺ തുണയില്ലാത്ത അമ്മമാരും,തൊഴിലില്ലാപ്പടയും ആണ്. സമ്പന്ന പ്രദേശങ്ങളിലേക്ക് പണവും, തൊഴിലും, വാഹന വ്യവസായവും കുടിയേറിയതോടുകൂടെ വിദ്യുച്ഛ്ക്തിയും,കുടിവെള്ളവിതരണവും അടക്കമുള്ള അടിസ്ഥാന സേവനങ്ങളുടെ ചിലവ് ഈ അവശിഷ്ഠ ദരിദ്രവിഭാഗത്തിന്‍റെ  ചുമലിലേക്ക് വീഴുകയും ഇതിന്റെ ചിലവ് 10 വർഷത്തിനിടക്ക് 130 ശതമാനമായി വർദ്ധിക്കയും ചെയ്തു. തുക തിരിച്ചടിക്കാൻ കഴിവില്ലാത്ത ഒരു വിഭാഗത്തിന്‍റെ  ചുമലിലേക്ക് അതു വന്നുപതിക്കയും ചെയ്തിരിക്കുന്നു.

അദ്ദേഹം തുടർന്നുപറഞ്ഞത് ഡിട്രോയ്റ്റ് വാട്ടർ ഡിപ്പാർട്ട്മെന്റിന്   കോർപ്പറേറ്റുകളിൽ നിന്നും പിരിഞ്ഞുകിട്ടാനുള്ളത് 30 മില്യൺ ഡോളർ ആണ് പക്ഷെ അവരുടെ ഒരു ടാപ്പ് പോലും ഇതിന്റെ പേരിൽ അടച്ചിട്ടില്ല. പകരം ഡിട്രോയ്റ്റ് സമൂഹത്തിലെ പരമദരിദ്രരുടെ കുടിവെള്ള കണക്ഷൻ ആഴ്ചയിൽ 3,000എന്ന തോതിലാണ് ഡിസ്കണക്ട് ചെയ്തുകൊണ്ടിരിക്കുന്നത്.ഇത് ഭീകരമായ മനുക്ഷ്യാവകാശ ലംഘനമണ്. ഞങ്ങൾ വളരെയധികം യത്നിച്ചാണ് 2010 ലെ യു.എൻ ജനറൽ അസംബ്ലി കുടിവെള്ളവും ശുചിത്വവും മനുക്ഷ്യാവകാശങ്ങളുടെ ഭാഗമായി അംഗീകരിച്ചത്.അന്നുമുതൽ ഈ പ്രമേയത്തെ അനുകൂലിക്കുന്നതും എതിർക്കുന്നതുമായ എല്ലാ സർക്കാരുകൾക്ക് തങ്ങളുടെ ജനതക്ക് ജലവും ശുചിത്വവും ഉറപ്പാക്കുവാൻ ബാധ്യത‌ ഉണ്ട്. യു.എൻ ജനറൽ അസംബ്ലിയുടെ പ്രമേയം ഉറപ്പാക്കുന്ന മറ്റൊരു പ്രധാനകാര്യം ഒരിക്കൽ ജനങ്ങൾക്കുനല്കിയ ഇത്തരം ഉറപ്പുകൾ പിന്നീട് ഒരു കാരണവശാലും പിൻ‌വലിക്കുവാൻ ഭരണകൂടത്തിനു കഴിയില്ല. കുടിവെള്ളത്തിനും ശുചിത്വത്തിനും ജനങ്ങൾക്ക് നല്കിയ ഉറപ്പ് പിൻ‌വലിക്കാൻ നടത്തുന്ന ശ്രമങ്ങൾ യു.എൻ പ്രമേയത്തിന്റെ മേലുള്ള കടന്നുകയറ്റമാണ്. ഈ യു.എൻ പ്രമേയത്തോടുകൂടെ നിയുക്തനായ പ്രത്യേക ദൌത്യമേധാവിക്ക് ഇതെപ്പറ്റിയുള്ള പരാതികൾ അന്വേഷിക്കയും അതിന്മേൽ കുറ്റം വിധിക്കയുമാവാം.പരാതികൾ ഗുരുതരമായവയാണെന്നു ബോധ്യമായാൽ അവർക്ക് പ്രതിസ്ഥാനത്തുവരുന്ന രാജ്യത്തിനെതിരെ ഒരു പരാതി യു.എന്നിനു വേണ്ടി  തയ്യാറാക്കാം.

 ഗ്രെയ്റ്റ് ലേക്സ് എന്ന് അറിയപ്പെടുന്ന കായലുകളുടെസംരക്ഷണവും ഈ കായലുകലുടെ ഹൃദയഭാഗത്ത്സ്ഥിതിചെയ്യുന്ന  പൊതുഫണ്ടിന്‍റെ  പിന്തുണയിൽമുന്നോട്ടുകൊണ്ടുപോകാവുന്ന ഒരു കുടിവെള്ള പദ്ധതിയും,ഓവുചാലുകളും സംരക്ഷിക്കയും മനുക്ഷ്യാവകാശങ്ങളും,സാമൂഹികനീതിയും നടപ്പിലാക്കുക എന്നതാണോ അതൊഡിട്രൊയിറ്റിലെ മനുക്ഷ്യരെ നരകത്തീയിലേക്ക് എറിഞ്ഞിട്ട്അതിവേഗത്തിൽ സമ്പത്തുണ്ടാക്കുവാൻ വേണ്ടി എല്ലാംതച്ചുടച്ച് സ്വകാര്യവത്കരണത്തിനു ഏല്പിച്ചുകൊടുക്കുന്ന വാൾസ്ട്രീറ്റ് മോഡൽ ആണോ വേണ്ടത്?

ഡിട്രോയ്റ്റ് റെസിസ്റ്റിങ് എമെർജൻസി മാനേജ്മെന്‍റ്  എന്ന ആശയവിനിമയ ഗ്രൂപ്പിന്‍റെ കോ-ഓർഡിനേറ്റർ ടോം സ്റ്റീഫൻസ് കൌണ്ടർ പഞ്ച് എന്ന മാഗസിനിൽ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നത് മതിലുകൾ കെട്ടിഉയർത്തപ്പെട്ട, മലീമസമാക്കപ്പെട്ട, ദുഷിക്കപ്പെട്ട ഊർജ്ജ, കാലാവസ്ഥകൾ മുമ്പിലുള്ള ഒരു ഭാവിയെ മുന്നിൽകണ്ട് മൂലധനം പുത്തൻ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കയാണ്. എല്ലാവിധ ധാർമ്മികതകളെയും, മനുക്ഷ്യാവകാ‍ശങ്ങളെയും, മാനുഷിക മൂല്യങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്  ഒരു പുത്തൻ നാഗരികവത്കരണത്തിനുവേണ്ടി (നീഗ്രൊയെ സമൂഹത്തിൽ നിന്നു തുടച്ചുമാറ്റുവാൻ നടന്ന പ്രക്രിയ) പണയവസ്തു ആക്കപ്പെട്ട് നൂറ് ആയിരകണക്കിനു മനുക്ഷ്യർ ഉപയോഗിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണ്” എന്നാണ്.

ജലം തൊണ്ടയിലൂടെ ഒഴുകി ഇറങ്ങേണ്ട ഒരു വസ്തുമാത്രമാണെന്ന വിചാരവും, ജലം ജീവന്‍റെ  അവശ്യഭാഗമായി കാണെണ്ടതാണുന്നള്ള വസ്തുതയും തമ്മിലുള്ള സംഘർഷമാണിത്. നമ്മുടെ ആവാസവ്യവസ്ഥയിൽ ജീവജലത്തിനുള്ള സവിശേഷമായുള്ള പങ്കിനെ കുറച്ചുകാണുകയും ജലത്തിനു വിലനല്കി വാങ്ങേണ്ടുന്ന മാനുഷികാവശ്യങ്ങൾക്ക് മാത്രം വിലകല്പിക്കയും ചെയ്യുന്ന അവസ്ഥാവിശേഷം.

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണി എന്നുവിശേഷിപ്പിക്കാവുന്ന മിഷിഗണിൽ; ഡിട്രോയിറ്റിലെ ദരിദ്രർ തങ്ങൾക്ക് അവകാശപ്പെട്ട കുടിവെള്ളത്തിനു അമേരിക്കയിലെ ഏറ്റവും കൂടിയ ചാർജ്ജ് നല്കുവാൻ കഴിയാത്തതുകൊണ്ട് അവരുടെ കുടിവെള്ള കണക്ഷനുകൾ ഭരണകൂടം കട്ടുചെയ്യുമ്പോൾ തന്നെയാ‍ണ് ഡിട്രോയിറ്റിലെ ദരിദ്രർക്കുകൂടെ അവകാശപ്പെട്ട മിഷിഗണിലെ ഗ്രെയ്റ്റ് ലേക് തടാകങ്ങളിലെ ജലം കോർപ്പറേറ്റ് ജലവിതരണകമ്പനികൾ ഒരു പൈസപോലും നല്കാതെ കുപ്പികളിൽ സംഭരിച്ച് വിറ്റു ഭീമമായ ലാഭം ഉണ്ടാക്കുന്നത്. വളരെ ചുരുങ്ങിയ ചില കമ്പനികൾ മാത്രമാണ് ലോകം മുഴുവൻ ഉയർന്നുവരുന്ന പുത്തൻ ജല മാർക്കറ്റിന്‍റെ ലാഭം നേടി എടുക്കുന്നത്. സൂയസ്, വിവെൻഡി, തേംസ് എന്നി മൂന്നു ആഗോളഭീമൻ ജല കമ്പനികളും അവരുടെ അനുബന്ധ കമ്പനികളും ആണ് ഈ ജല ചൂഷണത്തിനു മുമ്പിൽ നില്ക്കുന്നത്. ലോകത്തിലെ ജല മാർക്കറ്റിന്റെ 70 ശതമാനവും വിവൻഡി സൂയസ് എന്നി രണ്ടു കമ്പനികളുടെ കുത്തകയാണ്. അമേരിക്കയിൽ അങ്ങോളമിങ്ങോളം നെസ്റ്റിൽ എന്ന കുടിവെള്ളക്കമ്പനിയും അവരുടെ അനുബന്ധ കമ്പനിയായ ഐസ് മൌണ്ടനുമാണു കുടിവെള്ളം കുപ്പിയിലാക്കി വില്ക്കുന്നതിന്‍റെ  കുത്തക.

ഇപ്പോൾ ലോകം മുഴുവൻ നടക്കുന്ന ഉദാരവത്കരണത്തിന്‍റെയും, സ്വകാര്യവത്കരണത്തിന്‍റെയും രീതി ആദ്യം പൊതുമേഖലയിലുള്ള സ്ഥാപനങ്ങൾക്ക് അപഖ്യാതി ഉണ്ടാക്കുന്ന വാർത്തകൾ പ്രചരിപ്പിച്ച് അവയെ സമൂഹത്തിൽ താറടിക്കുക അതിനുശേഷം മോശം സ്ഥാപനം എന്ന വിളിപ്പേരു നല്കി ആ സ്ഥാപങ്ങൾക്കുള്ള സർക്കാർ ഫണ്ടുകൾ ഇല്ലാതാക്കുക അതിനുശേഷം നഷ്ടത്തിൽ എന്നുപറഞ്ഞ് സ്വകാര്യവത്കരിക്കുക എന്നതാണ്. ഡിട്രോയിറ്റിലെ പ്രാദേശിക വാർത്താമാധ്യമങ്ങളിൽ മുഴുവൻ ഡിട്രോയിറ്റ് ജലവകുപ്പിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകളുടെ പ്രളയമായിരുന്നു ആദ്യം.

സൌത്ത് ആഫ്രിക്കയിലെ സൊവിറ്റൊ, ജോഹാനസ്ബർഗ്, ബൊളീവിയയിലെ കൊച്ചബാംബ, കേരളത്തിലെ പ്‌ളാച്ചിമട, ബ്രസീലിലെ പോർട്ടൊ അലിഗ്രെ, ഫ്രാൻസിലെ ഗ്രെനൊബിൾ, കാനഡയിലെ ഹാലിഫാക്സ്, തുടങ്ങി ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജലചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കൻ ജനതയുടെ മുഴങ്ങുന്ന ശബ്ദമാണ് ജലഭൂമിയുടെ നാടായ മിഷിഗണിലെ ഡിട്രൊയ്റ്റിന്റേത്.

 

റെജി പി ജോര്‍ജ് 

376594_522421294440492_474848620_n

Advertisements

2 comments on “ഡിട്ട്രോയിട്ടില്‍ നിന്നും ചില ജലദരിദ്ര വര്‍ത്തമാനങ്ങള്‍

  1. ABHILASH
    July 29, 2014

    നന്നായിട്ടുണ്ട് …………

  2. ragin
    July 30, 2014

    nice.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Information

This entry was posted on July 28, 2014 by in Earth and Environment, Health, Places, Social Sciences and tagged .
%d bloggers like this: