The Responsible Anarchist

Find a disorder in every order

വര്‍ണവിവേചനത്തിന്‍റെ പുത്തന്‍ (ഫെര്‍ഗൂസണ്‍) പതിപ്പ്

wm_rc_wm_5c3efdd53168cfb615746ecee93db147342b54e3_1373816869 നവംബർ 25 2006 വിവാഹത്തലേന്നുള്ള പാർട്ടികഴിഞ്ഞ് ന്യൂയോർക്കിലെ ഒരു ബാറിൽ നിന്നും പുറത്തിറങ്ങി കൂട്ടുകാർക്കൊപ്പം തന്റെ കാറിൽ കയറി പോകുമ്പോൾ ആണ് ഷോൺ ബെൽ എന്ന ചെറുപ്പക്കാരൻ പോലീസിന്റെ വെടിയേറ്റുമരിക്കുന്നത്. അഞ്ചുപോലീസുകാർ സെക്കന്റുകൾകൊണ്ട് ആ വാഹനത്തിനു നേരെ 50ലേറെ ബുള്ളറ്റുകൾ ഉതിർത്തു. വീണ്ടും ഒരു നവംബർ 25 കടന്നുവരുന്നത് മിസോറിയിലെ സെന്റ് ലൂയിസ് കൌണ്ടിയിലുള്ള ഒരു ചെറിയ സ്ഥലമായ ഫെർഗുസൺ സിറ്റിയിൽ 2014 ഓഗസ്റ്റ് 9നു മൈക്കിൾ ബ്രൌൺ എന്ന 18കാരൻ ആഫ്രിക്കനമേരിക്കൻ യുവാവ് ഡാരൻ വിത്സൺ എന്ന പോലീസുകാരന്റെ വെടിയേറ്റു മരിച്ചതിനെപ്പറ്റി നടന്ന ഗ്രാൻഡ് ജ്യൂറി അന്വേഷണത്തിന്റെ വിധിയുമായിട്ടാണ്. ഒഴിവാക്കാമായിരുന്ന പോലീസ് വെടിവയ്പുകൾ നിരന്തരം തുടരുന്നു മരിച്ചുവീഴുന്നവർ ആഫ്രിക്കൻ അമേരിക്കൻ വംശജരൊ മറ്റ് ന്യൂനപക്ഷങ്ങളിൽ പെട്ടവരൊ. ഡിസംബർ 6 1865 അടിമത്വം അവസാനിക്കുന്നത്. പിന്നെയും ഒരു നൂറ്റാണ്ടുകൂടെ കഴിയേണ്ടിവന്നു (1955-65 കാലം). കറുത്തവനു പൊതുഗതാഗതസംവിധാനങ്ങളിൽ വെളുത്തവംശജനൊപ്പം തുല്യത അവകാശപ്പെടുവാൻ. അസമത്വങ്ങൾക്ക് എതിരെയുള്ള നിരന്തരമായ പോരാട്ടങ്ങൾ ആണ് തുല്യതയിലേക്കുള്ള പാത വെട്ടിതുറക്കുന്നത് എന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. വീണ്ടും ഒരു അമ്പതു വർഷങ്ങൾ ഒരു കറുത്തവനു അമേരിക്കൻ പ്രസിഡന്റ് പദവിയിൽ എത്തുവാൻ. എന്നാൽ ആ കറുത്ത ഗതകാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാ‍ണ് പലപ്പോഴും ഭരണകൂടത്തിന്റെ ഇടപെടലുകൾ ഇന്നും നടക്കുന്നത്. 1995 ഫെബ്രുവരി 5ന് ട്രെവൊൺ മാർട്ടിൻ എന്ന 17കാരൻ ഫ്ലോറിഡയിൽ ഒരു ഹൌസിംഗ് കോളനിയുടെ (വോളന്റിയർ ആയ സുരക്ഷാ ഗാർഡിന്റെ വെടിയേറ്റുമരിക്കുമ്പോൾ ആ ചെറുപ്പക്കാരനെ സംശയിക്കുവാൻ ഏകകാരണമായി പറഞ്ഞത് തലമൂടിയുള്ള വസ്ത്രധാരണമായിരുന്നു. അമേരിക്ക മുഴുവൻ പ്രക്ഷോഭത്തിലേക്കു കടന്നുപോയ ദിനങ്ങൾ ആയിരുന്നു ട്രെവോൺ മാർട്ടിൻ കൊലപാതകം. ജോർജ്ജ് സിമ്മർമാൻ എന്ന ഗാർഡ് സ്പാനിഷ്-യൂറോപ്യൻ അമേരിക്കൻ വംശജൻ ഒടുവിൽ 5 വെളുത്ത വംശജരും, 1 സ്പാനിഷ് വംശജനും മാത്രമുള്ള ജൂറിയുടെ വിചാരണക്കൊടുവിൽ കുറ്റവിമുക്തനാക്കപ്പെട്ടു. ഓരൊ 28 മണിക്കൂറിലും ഒരു കറുത്തവംശജൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിക്കുന്നു എന്നാണ് ചില പുതിയ കണക്കുകളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

അമേരിക്കയിലെ ഏറ്റവും മെച്ചപ്പെട്ട, ജനാധിപത്യവത്കരിക്കപ്പെട്ട പോലീസ് സംവിധാനമാ‍ണ് ന്യൂയോർക്ക് പോലീസിന്റെത്. കറുത്തവംശജർക്കും, സ്പാനിസ് വംശജർക്കും, ചൈനീസ്, ഇന്ത്യൻ,പാകിസ്ഥാനി, ബംഗ്ലാദേശി വംശജർക്കും മുസ്ലിങ്ങൾ അടക്കുള്ള മതന്യൂനപക്ഷങ്ങൾക്കും, നിരവധി ഭാഷാ ന്യൂനപക്ഷങ്ങൾക്കും പ്രാതിനിധ്യമുള്ള ഒരു പോലീസ് സേന. ന്യൂയോർക്കിലെ എല്ലാ കമ്യൂണിറ്റിയുമായി നല്ല ബന്ധം സ്ഥിരമായി പുലർത്തുന്ന പോലീസ് സേന എന്നിട്ടും കടന്നുപോയ വർഷങ്ങളിൽ മുസ്ലിം ആരാധനാലയങ്ങൾക്കു സമീപം വീഡിയൊ ക്യാമറകൾ സ്ഥാപിച്ച് പ്രാർഥനക്കു വരുന്നവരെ വീക്ഷിക്കുന്നു എന്ന് വിവാദത്തെ നേരിടേണ്ടിവന്നു. സംശയം തോന്നുന്നവരെ തടഞ്ഞു നിർത്തി ദേഹപരിശോധന (stop and frisk) നടത്തി പോലീസ് വലിയ വിവാദത്തിലാണ് ചെന്നു ചാടിയത്. പോലീസിനെ സംബന്ധിച്ച് ന്യൂയോർക്കിനെ കൂടുതൽ ആയുധരഹിതമാക്കുവാൻ (തോക്കുകൾ) ഈ സുരക്ഷാ പരിശോധന അനിവാര്യമാണെന്ന വാദം ഉയരുമ്പോൾ ദേഹപരിശോധനക്കു വിധേയമാകേണ്ടിവരുന്നത് കറുത്ത വംശജരും,സ്പാനിഷ് വംശജരുമാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് പോലീസിന്റെ തന്നെ റെക്കോർഡുകൾ അനുസരിച്ച് പുറത്തുവന്നത്. നഗരത്തിലൂടെ അസമയത്ത് യാത്രചെയ്യേണ്ടിവരുന്ന ഒരു കറുത്ത വംശജൻ പോലീസിന്റെ ഭാഷയിൽ കുറ്റവാളിയാകാൻ സാധ്യത ഏറെയാണ് അതിനാൽ ദേഹപരിശോധനക്ക് വിധേയമാകുവാൻ വിധിക്കപ്പെട്ടവൻ. പൌരാവകാശങ്ങൾ ലംഘിക്കപ്പെടുന്ന ഇത്തരം ദേഹപരിശോധനകൾക്ക് എതിരെ ശക്തമായ സമരങ്ങൾ തന്നെയാണ് ന്യൂയോർക്കിൽ ഉയർന്നത്. നവംബർ 21ന് ന്യൂയോർക്കിലെ ബ്രൂക്കിലിൻ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ കോണിപ്പടികളിൽ അരണ്ടവെളിച്ചത്തിൽ ഒരു ചെറുപ്പക്കാരൻ പോലീസ് വെടിയേറ്റു മരിച്ചു. എന്തായാലും പോലീസ് കമ്മീഷണറും മറ്റും പോലീസിനെ സംരക്ഷിക്കുവാൻ അല്ല തയ്യാറായത്. ഒരു നിരപരാധിയാണ് വെടിയേറ്റുമരിച്ചത് പോലീസ് ആണു കുറ്റക്കാർ എന്നുപറയുവാൻ പോലീസ് കമ്മീഷണർ തയ്യാറായി. ജുലൈ 17ന് ന്യൂയോർക് സിറ്റിയുടെ ഭാഗമായ സ്റ്റേറ്റൻ ഐലൻഡിൽ എറിക് ഗാർഡ്നർ എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജനെ തെരുവോരത്ത് (നിയമവിരുദ്ധമായി) സിഗരറ്റ് വില്ക്കുന്നതിനു  അറസ്റ്റ് ചെയ്യുമ്പോൾ കീഴടക്കുവാൻ ശ്രമിച്ച പോലീസിന്റെ ബലപ്രയോഗത്തിൽ ശ്വാസം മുട്ടി മരിക്കുന്നത്. കടന്നുപോയ വർഷം ഇതുപോലെയുള്ള നിരവധികുഴപ്പങ്ങളിലൂടെയാണ് അമേരിക്കയിലെ പോലീസ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

പോലീസിന്റെ വെടിയേറ്റൊ മറ്റ് രീതിയിലുള്ള ഇടപെടലുകൾകൊണ്ടൊ ആഫ്രിക്കനമേരിക്കൻ വംശജർ കൊല്ലപ്പെടുന്നു എന്നത് ഒരു പോലീസ് മുറയുടെ പ്രശ്നമായി കണ്ട് അതിനു പരിഹരം കണ്ടെത്തുവാൻ കഴിയും. പക്ഷെ അതിനൊക്കെ അതീതമായി അടിമത്വതുല്യമായ ഒരു സാമൂഹിക ക്രമം നിലനില്ക്കുന്നു അതിന്റെ ദുരന്തമാണ് പോലീസിലൂടെ പുറത്തുവരുന്നത് എന്നതാണ് അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറിക്കൊണ്ടിരിക്കുന്നു എന്ന് ഭരണകൂടം അവകാശപ്പെടുമ്പോൾ അതിനു ഭീകരമായ വില നല്കിക്കൊണ്ടിരിക്കുന്നത് ദരിദ്ര ന്യൂനപക്ഷങ്ങളും കറുത്തവംശജരുമാണ്. നഷ്ടപ്പെട്ട തൊഴിലിനു പകരം ബഹുഭൂരിപക്ഷത്തിനും കിട്ടിയ പുതിയ തൊഴിലുകൾ വളരെ കുറഞ്ഞ വേതനം പ്രതിഫലം നല്കുന്നതാണ്. സർക്കാർ കണക്കിൽ തൊഴിലില്ലായ്മ കുറഞ്ഞു പക്ഷെ തൊഴിൽ ജീവിക്കാനുള്ള മൌലികാവകാശം നിഷേധിക്കുന്നു. കഴിഞ്ഞ വർഷം നടന്ന ഒബാമ-സെനറ്റ് ശീതസമരവും, സർക്കാറിനു പ്രവർത്തിക്കാനാവശ്യമായ പണംനിഷേധിക്കലും, ബജറ്റ് പാസാക്കാൻ അനുവദിക്കാത്തതുമൊക്കെ ഒടുക്കം എത്തിയത് സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുക വെട്ടിക്കുറക്കുന്നതിലാണ്. ന്യൂയോർക്കിലെ ഭവനരഹിതർക്കുള്ള അഭയകേന്ദ്രങ്ങളിൽ മതിയായ ഭക്ഷണം ഒരുക്കുവാൻ സർക്കാർ ഫണ്ടുകൾ തികയുന്നില്ല. പലപ്പോഴും അരപ്പട്ടിണിയിലാണ് ഈ കേന്ദ്രങ്ങളിൽ അഭയം തേടുന്നവർ.

1995 ഫെബ്രുവരി 5ന് ട്രെവൊൺ മാർട്ടിൻ എന്ന 17കാരൻ ഫ്ലോറിഡയിൽ വെടിയേറ്റുമരിച്ചപ്പോൾ ജൂറി നടത്തിയ അന്വേഷണം പ്രതിയായ ജോർജ്ജ് സിമ്മർമാനെ കുറ്റവിമുക്തനാക്കുന്നതിലാണ് അവസാനിച്ചത്. ജൂറിയിൽ അംഗങ്ങൾ ആയിരുന്നത് മുഴുവൻ വെളുത്തവംശജർ. അതിനുശേഷം ഇപ്പോൾ ഫെർഗുസൺ വെടിവയ്പിലും അന്വേഷണം നടത്തിയ ഗ്രാൻഡ് ജൂറിയും സമാന സ്വഭാവമുള്ളതാണ്. ആറു വെളുത്തവംശജരായ പുരുഷന്മാരും, മൂന്ന് വെളുത്തവംശജരായ സ്ത്രികളും രണ്ട് കറുത്തവംശജരായ സ്ത്രികളും, ഒരു കറുത്തവംശജനായ പുരുഷനുമുള്ള ജൂറിയിൽ ഒമ്പതുപേരുടെ ഭൂരിപക്ഷം മതി ജൂറി തീരുമാനത്തിന് എന്നത് ചേർത്തുവായിച്ചാൽമതി ജൂറിയുടെ സ്വഭാവം മനസ്സിലാക്കുവാൻ.ബിസി അഞ്ചാം നൂറ്റാണ്ടോളം പഴക്കമുണ്ട് ജൂറി സംവിധാനത്തിന്. ഗ്രീക്ക് പാർലമെന്ററി ഭരണസംവിധാനം തങ്ങളുടെ പുരുഷ പ്രജകളെ ജൂറി ആയി നിയമിച്ചിരുന്നു. ഇത് അഴിമതി തടയുന്നതിനും എല്ലാ ഗ്രീക്ക് പൌരന്മാർക്കും സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ജൂറി ഡ്യൂട്ടി വഴിഒരുക്കിയിരുന്നു.

wm_rc_wm_4c5b0cd059fd63d7cda6b32c7b782f84843d5afc_1373907900അമേരിക്കൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമാണ് ജൂറി സംവിധാനം. നീതിയുടെയും, സ്വാതന്ത്ര്യത്തിന്റെയും മൂലക്കല്ല് മാത്രമല്ല ജൂറി മറിച്ച് ഭരണഘടനാപ്രകാരമുള്ള പൌരസ്വാതന്ത്ര്യത്തിന്റെ മൌലികമായ സുരക്ഷ ഉറപ്പുവരുത്തുന്നത് നീതിന്യായവ്യവസ്ഥയുടെ ഭാഗമായ ജൂറി സംവിധാനമാണ്. ജൂറിയിൽ സമൂഹത്തിന്റെ നാനാതുറയിൽ നിന്നുമുള്ള ആളുകളുള്ളതിനാൽ അതിനു ഒരു വ്യക്തി എടുക്കുന്ന തിരുമാനത്തേക്കാൾ ഉത്തമമായ ഒരു തീരുമാനത്തിൽ എത്തുവാൻ കഴിയും.

ജൂറിക്ക് നിയമത്തെപ്പറ്റിയുള്ള അറിവൊ മറ്റ് എന്തെങ്കിലും പ്രത്യേക കഴിവുകളൊ ആവശ്യമില്ല. സാമാന്യബുദ്ധിയും,പക്ഷംചേരാതിരിക്കയും, സത്യസന്ധതയും, തുറന്നമനസ്സും ഉണ്ടായിരിക്കുക എന്നതാണ് ജൂറിക്കുവേണ്ടത്. വക്കിലന്മാർ കേസിൽ കക്ഷികളുടെ ഭാഗം വാദിച്ചുകൊള്ളും,  ന്യായാധിപന്മാർ നിയമം എന്താണെന്നു നിശ്ചയിച്ചുകൊള്ളും. ശരിയായി നടപടികളിൽ പങ്കെടുത്ത് അവധാനപൂർവ്വം ചിന്തിച്ച് തങ്ങൾക്കുമുമ്പിൽ എത്തിയിരിക്കുന്ന തെളിവുകൾ പരിശോധിച്ച് എന്താണു സത്യം എന്ന നിഗമനത്തിൽ എത്തുക എന്നതാണ് ജൂറിയുടെ ഉത്തരവാദിത്വം. ജഡ്ജി വിശദികരിച്ചതുപോലെ നിയമത്തെ തങ്ങൾ കണ്ടെത്തിയ വസ്തുതകൾക്കുമേൽ പ്രയൊഗിക്കുക ഇതാണ് ജൂറിയുടെ ഉത്തരവാദിത്വം. അവകാശങ്ങളോടൊപ്പം ഉത്തരവാദിത്വങ്ങളും കടന്നുവരിക സാധാരണമാണ്. വോട്ടവകാശവും നികുതി അടയ്ക്കുന്നതും പോലെ ഒരു അമേരിക്കൻ പൌരന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ജൂറിആയിരിക്കുക എന്നത്. ഒരു പൌരനു നീതി നിർവ്വഹണത്തിൽ നേരിട്ടു ഭാഗഭാക്കാകാൻ കിട്ടുന്ന അവസരമാണ് ജൂറി ആകുവാൻ കിട്ടുന്ന അവസരം. ഭൂരിപക്ഷം അമേരിക്കകാർക്കും ജൂറി ഡ്യൂട്ടി എന്നത് സർക്കാരിൽ നേരിട്ട്, സ്വയം പങ്കാളിയാകുവാൻ കിട്ടുന്ന ഒരു സുവർണ്ണാവസരവുമാണ്.

അമേരിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ 3 അനുശാസിക്കുന്നത് എല്ലാ വിചാരണയും ജൂറി ആയിരിക്കണം നടത്തേണ്ടത് എന്നാണ്. ഭരണഘടനയുടെ ആറാം ഭേദഗതിയിലൂടെ ഉറപ്പിച്ചിരിക്കുന്ന പൌരാവകാശമാണ് ജൂറി വിചാരണ. കുറ്റം നടന്ന ജില്ലയിലും,സംസ്ഥാനത്തുമുള്ള പക്ഷഭേദമില്ലാത്ത ഒരു ജൂറിയുടെ സാന്നിദ്ധ്യത്തിൽ വേഗതയേറിയ ഒരു പൊതു വിചാരണക്ക്  എല്ലാ ക്രിമിനൽ പ്രൊസിക്യൂഷൻ നടപടികളിലും കുറ്റാരോപിതർക്ക് അവകാശം ഉണ്ട്. ഭരണഘടനയുടെ ഏഴാം ഭേദഗതി സിവിൽ കേസുകളിൽ ജൂറി വിചാരണക്കുള്ള അവകാശം ഉറപ്പിക്കുന്നു. കുറ്റാരൊപിതനെ അഴിമതിക്കാരനൊ അമിതാവേശക്കാരനൊ ആയ പബ്ലിക് പ്രൊസിക്യൂട്ടറിൽ നിന്നും സങ്കുചിതമായി വിഷയങ്ങളെ സമീപിക്കുന്നതൊ സ്ഥിരതയില്ലാത്ത തീരുമാനങ്ങളെടുക്കുന്നതൊ ആയ ജഡ്ജിയിൽ നിന്നും സംരക്ഷിക്കുന്നതിനൊപ്പം യാതൊരു അടിസ്ഥാനവുമില്ലാത്ത കുറ്റാരൊപണങ്ങളും,ശത്രുനിർമ്മാർജ്ജനത്തിനുമായി ഒരു പൌരനെ കോടതികയറ്റുന്നതിൽ നിന്നും സംരക്ഷിക്കുവാൻ ഭരണഘടനാശില്പികൾ ചരിത്രത്തിൽ നിന്ന് ഉൾക്കൊണ്ട പാഠമാണ് സ്വതന്ത്രമായ ജൂറി സംവിധാനം എന്നത്.

16 മുതൽ 23 അംഗങ്ങൾ വരെയുള്ള പ്രത്യേക ജൂറി സംവിധാനമാണ് ഗ്രാൻഡ് ജൂറി എന്നത്. ഗ്രാൻഡ് ജൂറിയുടെ ഉത്തരവാദിത്വം ഒരു കേസിൽ കുറ്റവാളി എന്നു സംശയിക്കുന്ന ആളിനു മുകളിൽ കുറ്റം ചുമത്തണൊ എന്ന് തീരുമാനിക്കുവാൻ പ്രൊസിക്യൂഷനെ സഹായിക്കൽ ആണ്. പ്രൊസിക്യൂഷനൊപ്പമാണ് ഗ്രാൻഡ് ജൂറി പ്രവർത്തിക്കുന്നത്. പ്രൊസിക്യൂഷൻ ആണ് ഗ്രാൻഡ് ജൂറിക്ക് നിയമവശങ്ങൾ വിശദീകരിച്ചുകൊടുക്കുന്നത്. എല്ലാവിധത്തിലുമുള്ള തെളിവുകൾ പരിശോധിക്കുവാൻ ഗ്രാൻഡ് ജ്യൂറിക്ക് അവകാശമുണ്ട്. എന്നാൽ ഗ്രാൻഡ് ജൂറിയുടെ തീരുമാനങ്ങൾ അന്തിമമാകണമെന്നു നിർബന്ധവുമില്ല. പ്രൊസിക്യൂഷൻ ഗ്രാൻഡ് ജൂറിയുമായി വിയോജിക്കയാണെങ്കിൽ ജൂറി തീരുമാനങ്ങൾ തള്ളിക്കളയുവാൻ പ്രൊസിക്യൂഷനു അവകാശം ഉണ്ട്. ഗ്രാൻഡ് ജൂറി ചിലപ്പോൾ മാസങ്ങൾ തന്നെ നീണ്ടുനില്ക്കുന്ന വിചാരണയിലൂടെ ആവും പൂർത്തിയാവുക പക്ഷെ ഒരു മാസത്തിൽ ചുരുങ്ങിയ ചിലദിവസങ്ങൾ മാത്രമായിരിക്കും ഗ്രാൻഡ് ജൂറി ചേരുക.

WireAP_0cb45eba4f344912865085d7854073dd_16x9_992

ആറു മുതൽ പന്ത്രണ്ടുപേർ വരെ അടങ്ങുന്ന ട്രയൽ ജൂറി ഒരു കേസിന്റെ ഔപചാരിക വിചാരണക്ക് ആവശ്യമായ വസ്തുതകൾ കണ്ടെത്തുന്നു.  ട്രയൽ ജൂറി വിചാരണ തുടങ്ങിയാൽ ചുരുങ്ങിയ ദിവസങ്ങളിലൊ, ആഴ്ചകളിലൊ ഏറിയാൽ ഒന്നൊ രണ്ടൊ മാസം കൊണ്ട് അവസാനിക്കും അതുകൊണ്ട് ട്രയൽ ജൂറി എല്ലാ ദിവസവും നിർബന്ധമായും ചേരും. ജൂറി ട്രയൽ ന്യായാധിപൻ ആവും നിയന്ത്രിക്കുന്നത്. വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വക്കിലന്മാർ തീരുമാനിക്കുന്ന തെളിവുകൾ മാ‍ത്രമാണ് ട്രയൽ ജൂറിക്ക് പരിശോധിക്കുവാൻ സാധിക്കുക.

സാധാരണ പബ്ലിക് പ്രൊസിക്യൂട്ടർ തിരെഞ്ഞെടുക്കുന്ന തെളിവുകൾ ഗ്രാൻഡ് ജ്യൂറിക്ക് മുന്നിൽ നിരത്തുകയാണു പതിവ് എന്നാൽ ഫെർഗുസൻ കേസിൽ ഇതിനു വിരുദ്ധമായി ഗ്രാൻഡ് ജ്യൂറിക്കു കൂടുതൽ സ്വാതന്ത്ര്യം നല്കിക്കൊണ്ട് ഒരു കോടതിപോലെ പ്രവർത്തിക്കുവാൻ അനുമതി നല്കി. ഇത് അമേരിക്കൻ ജൂറി വ്യവസ്ഥക്ക് വലിയ കളങ്കമായിരിക്കയാണെന്നാണു നിയമവിദഗ്ദ്ധരുടെവിലയിരുത്തൽ. പബ്ലിക് പ്രൊസിക്യൂട്ടർ തന്റെ ജോലി ചെയ്യാതെ മാറിനിന്നുകൊണ്ട് ഗ്രാൻഡ്ജ്യൂറിക്ക് അമിതാധികാരം നല്കി സാക്ഷികളെ വിസ്തരിക്കുവാനും ഗ്രാൻഡ് ജ്യൂറി  സമക്ഷം ഹാജരാകുവാനും ഉത്തരവുകൾ ഇറക്കി. പ്രതിയുടെയും, സംഭവത്തിന്റെയും ഫൊട്ടൊകൾ, ഫോറൻസിക് റിപ്പോർട്ടുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവ ജ്യൂറി പരിശോധിച്ചു. ജ്യൂറിക്കു മുമ്പിൽ സാക്ഷികൾ, ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഹാജരായി. ഗ്രാൻഡ് ജ്യൂറിക്കുമുന്നിൽ പ്രതി ഹാജരാകുക എന്ന അത്ഭുതം കൂടെ സംഭവിച്ചു. മൈക്കിൾ ബ്രൌൺ കൊലപാതകത്തിൽ പ്രതിസ്ഥാനത്തുനില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ജ്യൂറിക്കു മുന്നിൽ ഹാജരായി തന്റെ ഭാഗം പറഞ്ഞു.

വാഷിംഗ്ടൺ പോസ്റ്റുപോലെയുള്ള ലിബറൽ മാധ്യമങ്ങൾ വളരെ ഗുരുതരമായ തെറ്റുകൾ നിറഞ്ഞതാണ് ജൂറിനടപടി എന്ന് മുഖപ്രസംഗം തന്നെ എഴുതി. പ്രൊസിക്യൂഷൻ ഗ്രാൻഡ് ജൂറിക്കു മുമ്പിൽ പ്രതിസ്ഥാനത്തുനില്ക്കുന്ന ഡാരൺ വിത്സൺ എന്ന പോലീസുകാരനു കോച്ചിംഗ് നല്കുകയായിരുന്നു എവിടെയാണു വെടിവയ്പുനടന്നത്, എങ്ങനെ പോലീസിനു എതിരായിട്ട് ആയിരുന്നു ബ്രൌൺ നീങ്ങിയത് എന്നൊക്കെ പറയിപ്പിക്കുവാൻ. വാഷിംഗ്ടൺ പോസ്റ്റ് തുടർന്നു മുഖപ്രസംഗത്തിൽ എഴുതിയത് വിത്സൺ അന്വേഷകരുമായി സഹകരിച്ചു എന്ന് രേഖപ്പെടുത്തുവാൻ വഴിവിട്ട് ഇടപെട്ടു എന്നാണ്. അല്പം കൂടെ ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തിരുന്നു എങ്കിൽ തന്റെ വാഹനത്തിൽ നിന്നും ഇറങ്ങി കൊല്ലപ്പെട്ട മൈക്കിൾ ബ്രൌണിന്റെ പിന്നാലെ പോയി വെടിവച്ചത് എന്നു വിശദീകരിക്കുവാൻ പോലീസ് ഉദ്യോഗസ്ഥൻ നിർബന്ധിതനാകുമായിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ബാരാക്ക് ഒബാമ ഗ്രാൻഡ് ജൂറിയുടെ നടപടികൾ തെറ്റാണ് പക്ഷെ നിയമപരമായി അതു നിലനില്ക്കുന്നതായതിനാൽ അതിനെ അംഗീകരിക്കുവാൻ ആണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഫ്ലോറിഡയിൽ ട്രെവോൺ മാർട്ടിൻ എന്ന പതിനേഴുകാരൻ കൊല്ലപ്പെടുമ്പോൾ പ്രസിഡന്റ് ഒബാമ വളരെ വികാരവായ്പോടുകൂടെ സംസാരിച്ചിരുന്നു. ഒബാമക്ക് അത് തന്റെ മകൻ ആകുമായിരുന്നു എന്ന് പറയേണ്ടിവന്നു. അദ്ദേഹം പറഞ്ഞത് മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു 35 വർഷം മുമ്പ് ഞാൻ ആകുമായിരുന്നു ട്രെവോൺ മാർട്ടിൻ.  ആഫ്രിക്കൻ അമേരിക്കൻ സമൂത്തിൽ ഒത്തിരി വേദന നിറഞ്ഞുനില്ക്കയാണ് ഈ വിഷയത്തിൽ. ഒബാമ തുടർന്നു പറഞ്ഞത് മാഞ്ഞുപോകാത്ത ചരിത്രത്തിലൂടെയും അനുഭവത്തിന്റെ പാഠങ്ങളിലൂടെയുമാണ് ഈ വിഷയത്തെ നോക്കികാണുന്നത് എന്നത് അംഗീകരിക്കേണ്ടതാണ്. ഈ രാജ്യത്ത് വളരെ കുറച്ച് ആഫ്രിക്കൻ അമേരിക്കൻ വംശജർക്കുമാത്രമെ ഒരു കടയിൽ ഷോപ്പിംഗ് നടത്തുമ്പോൾ തങ്ങളെ കടയിലെ സെക്യൂരിറ്റി പിന്തുടരാത്ത അവസ്ഥകാണു. എനിക്കും ഇതേ അവസ്ഥതന്നെയാണ് ഉണ്ടായിരുന്നത്. പാതയോരത്തുകൂടെ നടക്കുമ്പോൾ കാറിന്റെ ഡോർ ലോക്കുകൾ വീഴുന്ന ശബ്ദം കേൾക്കാതെ അമേരിക്കൻ നിരത്തുകളിലൂടെ നടക്കാൻ ഭാഗ്യമുള്ള ആഫ്രിക്കനമേരിക്കൻ വംശജർ വളരെ ചുരുക്കമായിരിക്കും. ഞാൻ ഒരു സെനറ്റർ ആകുന്നതിനു തൊട്ടുമുമ്പുവരെ അത് എനിക്കും സംഭവിച്ചിട്ടുണ്ട്. ഒരു ആഫ്രിക്കൻ അമേരിക്കൻ വംശജൻ ലിഫ്റ്റിലേക്ക് കയറുമ്പോൾ ഇറങ്ങിപോകുവാൻ ഒരു അവസരം കിട്ടുന്നതുവരെ അതിനുള്ളിലുള്ള സ്ത്രി തന്റെ പേഴ്സ് മുറുകെപിടിക്കുന്നതും,ശ്വാസം പിടിച്ചുനില്ക്കുന്നതും ഒക്കെ സർവ്വസാധാരണമാണ് നമ്മുടെ അമേരിക്കയിൽ എന്നാണ്.

മിസൊറിയിലെ സെന്റ് ലൂയീസ് കൌണ്ടി ഗ്രാൻഡ് ജൂറി അന്വേഷണത്തിനു പുറമെ ഈ കേസിൽ മറ്റു രണ്ട് അന്വേഷണങ്ങൾ കൂടെ നടക്കുന്നു എന്നതാണ് അല്പം ആശ്വാസകര്യമായ കാര്യം. ഓഗസ്റ്റ് 11ന്റെ പോലീസ് വെടിവയ്പിനെപ്പറ്റി എഫ്.ബി.ഐയുടെ സിവിൽ റൈറ്റ്സ് അന്വേഷണവും, പ്രസിഡന്റ് ഒബാമയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഫെർഗൂസൺ സിറ്റി സന്ദർശിച്ച ഫെഡറൽ പബ്ലിക് പ്രൊസിക്യൂട്ടറുടെ ഉത്തരവു പ്രകാരം നടക്കുന്ന അന്വേഷണം. ഫെർഗൂസൺ സിറ്റി പോലീസിനു പോലീസിനെ ദുരുപയോഗം ചെയ്തതിന്റെയൊ, വർണ്ണവിവേചനത്തിന്റെ ചരിത്രമുണ്ടൊ എന്നീ വിഷയങ്ങൾ മുൻ‌നിർത്തി ഫെഡറൽ ജസ്റ്റീസ് ഡിപ്പാർട്ട്മെനാണ് ഈ അന്വേഷണം നടത്തുന്നത്.

വെളുത്ത വംശജർക്ക് ഭൂരിപക്ഷമുള്ള മിസോറിയിലെ സെന്റ് ലൂയിസ് കൌണ്ടിയിലെ ഫെർഗുസൺ സിറ്റിയിലും അതിനു ചുറ്റുമുള്ള ടൌണുകളിലും കറുത്ത വംശജർ താമസമുറപ്പിച്ചതും ആ പ്രദേശത്തിന്റെ ജനസംഖ്യാനുപാതത്തിൽ മാറ്റമുണ്ടായതും കഴിഞ്ഞുപോയ ഒരു ദശകം കൊണ്ടാണ്. കറുത്തവംശജർ കടന്നുവരുവാൻ തുടങ്ങിയതോടുകൂടെ വെളുത്ത വംശജർ ചെറുകെ ഫെർഗൂസണും, പരിസരങ്ങളും വിട്ടുതുടങ്ങി. എന്നാൽ 21,000ആളുകൾ അധിവസിക്കുന്ന ഈ പ്രദേശം താരതമ്യേന മെച്ചപ്പെട്ട തൊഴിലാളികളുടെയും മധ്യവർഗ്ഗത്തിന്റെയും ഒരു സമൂഹമാണ്. എന്നാൽ ചില ചെറിയ പോക്കറ്റുകളിൽ കുറെ പ്രശ്നങ്ങൾ ഉണ്ടുതാനും. പക്ഷെ ഫെർഗുസൺ പോലീസ് വകുപ്പിന്റെഏറ്റവും വലിയ ന്യൂനത എന്നത് ഈ ആഫ്രിക്കൻ അമേരിക്കൻ ഭൂരിപക്ഷ നഗരത്തിലെ പോലീസ് വെളുത്തവംശജരാൽ നിറഞ്ഞതാണ്. 53 കമ്മീഷൻഡ് പോലീസ് ഓഫീസേഴ്സുള്ള ഫെർഗൂസൺ പോലീസ് ഡിപ്പാർട്ട്മെന്റിൽ ആകെയുള്ളത് നാലു കറുത്ത വംശജർ മാത്രമാണ്. പോലീസിനുള്ളിലെ വംശീയതുടെ പ്രശ്നമല്ല കാര്യങ്ങൾ വഷളാക്കുന്നത്. ഫെർഗൂസൺ സിറ്റിക്കു പുറത്തുതാമസിക്കുന്ന വെളുത്ത വംശജരായ പോലീസ് ഓഫീസേഴ്സ് പലപ്പോഴും ഈ സിറ്റിയിൽ വസിക്കുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നത് അവിടെ സ്ഥിരതാമസമാക്കിയ ഒരു ഉദ്യോഗസ്ഥൻ മനസ്സിലാക്കുന്ന അതേ അളവിൽ ആകണമെന്നില്ല. അവിടെ നടക്കുന്ന കുറ്റകൃത്യങ്ങളൂടെ രീതിയും കുറ്റവാസനയിലേക്കു നയിക്കുന്ന പ്രാദേശികാവസ്ഥകളും എന്ത് എന്ന് അറിയാത്ത പുറമെ നിന്നുള്ള വെളുത്ത വംശജരുടെ പോലീസ് അധികാര പ്രയോഗം വംശീയ പ്രശ്നങ്ങളിൽ ചെന്ന് അവസാനിക്കുന്നു.

ഫെർഗൂസൺ സിറ്റിയിലെ കുറ്റകൃത്യങ്ങളുടെ തോത് അതിനുചുറ്റുമുള്ള പ്രദേശങ്ങളുമായി താരതമ്യം ചെയ്താൽ വളരെ കുറഞ്ഞരീതിയിലാണ്. 2014 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ഏതാണ്ട് 10,000 ആളുകൾക്ക് 15 കുറ്റകൃത്യങ്ങൾ എന്ന വളരെ ചെറിയ ഒരു അളവിലാണ്.

ജോർജ്ജിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അറ്റ്ലാന്റയിൽ നടന്ന പ്രക്ഷോഭത്തിൽ 24 പേർ അറസ്റ്റിലാവുകയും നിരവധി കച്ചവട സ്ഥാപനങ്ങൾ ആക്രമണത്തിൽ തകരുകയും ചെയ്തു.

140821-hands-up-1350_15d145e941e32c34a17fffe28e57dfdfനോർത്ത് കരോലിനയിലെ ഡുർഹാം സിറ്റിയിൽ നടന്ന പ്രക്ഷോഭത്തിൽ ചാറ്റമഴയെയും, ആകാശത്തിൽ ചുറ്റിയടിക്കുന്ന പോലീസ് ഹെലികോപ്ടറിനെയും അവഗണിച്ചുകൊണ്ട് കലാകാരന്മാരും, വിദ്യാർഥികളുമടങ്ങിയ നാനൂറിലധികം വരുന്ന പ്രക്ഷോഭകാരികൾ ബിസിനസ് ജില്ലയിലെ ബ്ലാക് വാൾസ്റ്റീറ്റിലെ കാളയുടെ ശില്പത്തിനുചുറ്റും തടിച്ചുകൂടി. സെപ്റ്റംബർ 2013ൽ ഇതേ സ്ഥലത്താണ് ഡെറക് വാൾക്കർ എന്ന കറുത്തവംശജനായ 26കാരൻ പോലീസ് വെടിവയ്പിൽ മരിച്ചത്. 2013 ഡിസംബറിൽ ജീസസ് ഹർട്ട എന്ന സ്പാനിഷ് വിദ്യാർഥി പോലീസ് വാഹനത്തിൽ വിലങ്ങുവയ്ക്കപ്പെട്ടവനായി ആത്മഹത്യ ചെയ്തപ്പോൾ നടന്ന പ്രക്ഷോഭത്തിൽ പങ്കാളിയായ പലരും ഈ പ്രക്ഷോഭത്തിലും പങ്കെടുത്തു. കഴിഞ്ഞുപോയ രണ്ടു പ്രതിഷേധങ്ങളിൽ നിന്നും വ്യത്യസ്തമായി മൈക്കിൾ ബ്രൌൺ സംഭവത്തിൽ നടന്ന പ്രതിഷേധം വളരെ സമാധാനപരമായിരുന്നു.

പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും ഡുർഹാം സിറ്റിയിലെ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എന്നാൽ ഉന്നതമായ രാഷ്ട്രീയബോധമുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജരുടെ ഇടയിൽ നിന്നുള്ളവരായിരുന്നു. നഗരത്തിലെ ദരിദ്രജനങ്ങൾ വസിക്കുന്ന ഇടങ്ങളിലെ വീടുകളും കടകളും തുശ്ചമായ വിലക്ക് വാങ്ങി സ്വന്തമാക്കി സമ്പന്നരും ഇടത്തരക്കാരും വസ്തുവിന്റെ വിലകൂട്ടി ക്രമേണ ദരിദ്രരെയും, ചെറുകിട കച്ചവടക്കാരെയും ഒഴിവാക്കുന്ന (gentrification) പ്രക്രിയയിലുള്ള നിരാശയും, തൊഴിലില്ലായ്മയും,നോർത്ത് കരോലിനയിലെ കറുത്തവംശജരും, സ്പാനിഷ് വംശജരുമായി തുടർന്നുകൊണ്ടിരിക്കുന്ന പോലീസ് സംഘർഷം എന്നിങ്ങനെയുള്ളനിരവധി പ്രശ്നങ്ങൾ ഈ പ്രദേശങ്ങളിൽ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കയാണെന്ന് പ്രക്ഷോഭം സംഘടിപ്പിച്ച ഡുർഹാം ആസ്ഥാനമാക്കിയുള്ള ബ്ലാക്ക് എന്ന സംഘടനയുടെ നേതാവ് ലാമൊന്റ് ലില്ലി പറഞ്ഞു. നീതിക്കുവേണ്ടിയുള്ള മുറവിളി കേൾക്കാതെ പോയാൽ ഡുർഹാം മറ്റൊരു ഫെർഗുസൺ ആകാൻ അധികസമയം വേണ്ടാ എന്ന് അദ്ദേഹം പറയുന്നു.

റെജി പി ജോര്‍ജ് || കടപ്പാട് : ദേശാഭിമാനി

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Information

This entry was posted on November 30, 2014 by in Culture, Society, Uncategorized and tagged , , , , .
%d bloggers like this: