The Responsible Anarchist

Find a disorder in every order

വേണ്ടങ്കില്‍ വേണ്ട, പക്ഷെ ഞങ്ങള്‍ക്ക്‌ വേണം.

ആണും പെണ്ണും ഒരുമിച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമൂഹം ചില കൂടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വിവാഹം കഴിച്ചവര്‍ ആയിരിക്കണം, ഭര്‍ത്താവും ഭാര്യയും തമ്മില്‍ മാത്രമേ പാടുള്ളൂ, അതും ഇരുട്ടത്തും ആരും കാണാത്ത മറവിലും ഒളിച്ചും പതുങ്ങിയും, രണ്ടു കുട്ടികളും കൂടെ ആയി കഴിഞ്ഞാല്‍ അതും തീര്‍ന്നു, കിടപ്പ് തന്നെ രണ്ടു മുറികളില്‍ ആയി കഴിയും- ഇത്യാദി. ഈ ചട്ടക്കൂടിന്റെ എന്തെങ്കിലും ഒരു ഏട് തെറ്റിക്കുന്നവരെ നാട്ടുകാര് ആക്രമിക്കും. വിശന്നിരിക്കുന്ന കുരങ്ങന്‍റെ കൈയ്യില്‍ ഉള്ള പഴം തട്ടിപ്പറിച്ചാല്‍ അതെങ്ങനെ വന്യമായി ആക്രമിക്കുമോ അങ്ങനെ. ആ ചട്ടക്കൂടിന്റെ പേരാണ് സദാചാരം, അത് ലംഘിക്കുന്നവരെ കൈകാര്യം ചെയ്യുന്ന സ്വയം പ്രഖ്യാപിത സാമൂഹ്യ സംരക്ഷകരെയാണ് സദാചാര പോലീസ് എന്ന് വിളിക്കുക.

വ്യക്തമായും ഇതിനൊരു ലൈംഗീകതയുടെ മാനമുണ്ട്, നഗ്നതയുടെ മാനവും ഉണ്ട്. തന്‍റെ ശരീരവും ലൈംഗീക ചേഷ്ടകളും മറ്റൊരാള്‍ കാണുന്നത് ഇഷ്ടമില്ല എന്നൊരു മാനം. അല്ലാതെ ലൈംഗീക ബന്ധമോ പ്രണയമോ സ്വതവേ ചെയ്യരുതാത്ത കാര്യങ്ങള്‍ അല്ല. ഒളിച്ചു നോക്കിയും സമ്മതമില്ലാതെ കയറിപ്പിടിച്ചും മാത്രം ശീലമുള്ള ഒരു പുരുഷ സമൂഹമാണ് നമ്മുക്കുള്ളത്. അതവരുടെ ജന്മാവകാശമായി അവര്‍ കൊണ്ട് നടക്കുന്നു. ഇത്തരത്തില്‍ ഒരു സദാചാര വിചാരം വളര്‍ത്തിയതില്‍ മുതലാളിത്തത്തിനും ഫ്യൂഡലിസത്തിനും നല്ലൊരു പങ്കുണ്ട്. തന്‍റെ സ്വന്തമാക്കിയ മുതല്‍, താന്‍ ഒളിച്ചു വെച്ച് അനുഭവിക്കണ്ട മുതല്‍, വിവാഹം എന്ന സമ്പ്രദായത്തില്‍ മാത്രം കിട്ടേണ്ട മുതല്‍, മുതലായ വിചാരങ്ങള്‍. ഇതില്‍ സ്ത്രീയ്ക്ക് ആക്ടീവ് ആയി യാതൊരു റോളും ഇല്ല. അങ്ങനെ കരുതി ഇരിക്കുന്ന ഒരു സമൂഹത്തിന്‍റെ മുന്നിലാണ് ചില ആണുങ്ങള്‍ ചില പെണ്ണുങ്ങളുടെ കൂടെ നിയമപരമായി അവരുടെ ഉടമസ്ഥന്‍ ആകാതെ അവരുമായി ഒരുമിച്ച് ഇരിക്കുകയും സിനിമ കാണുകയും പ്രണയത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്. തീര്‍ച്ചയായും ഇത് നിഷിദ്ധമാണ് എന്ന് കരുതുന്ന സദാചാര പോലീസ് ഇളകും അവര്‍ ആക്രമിക്കും.

Moral-Policing-2കഴിഞ്ഞ ഒരു പതിനഞ്ച് വര്‍ഷത്തില്‍ കേരളത്തില്‍ യൌവ്വനം ചിലവഴിച്ച നല്ലൊരു വിഭാഗത്തിനും പറയാനുണ്ടാകും ഇത്തരത്തില്‍ എന്തെങ്കിലും കഥകള്‍. കോളേജിന്റെ മുന്നിലെ കടയില്‍ ആണ്‍ സുഹൃത്തുക്കളും ആയി ചായ കുടിക്കാന്‍ പോയാലോ, ഒരുമിച്ചു ജോലി ചെയ്യുന്ന ഒരു സുഹൃത്ത്‌ അടിക്കടി വീട്ടില്‍ വന്നാലോ, കൂട്ടുകാരുമൊത്ത് ഒന്ന് ബീച്ചില്‍ പോയാലോ അങ്ങനെ വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ എല്ലാ അതിരുകളിലും കൈ വെയ്ക്കുന്ന കമ്മന്റ് അടിക്കുന്ന ആക്രമിക്കുന്ന നാട്ടുകാരുടെ കഥകള്‍. ഇത് ഏതെന്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല. സമൂഹം പൊതുവില്‍ അങ്ങനെയാണ്, പുരുഷാധിപത്യം അങ്ങനെയാണ്. ഇരുളിന്‍റെ മറവില്‍ എന്തും ചെയ്യാന്‍ സ്വാതന്ത്ര്യം ഉള്ള പുരുഷന് സൂര്യന്‍ അസ്തമിച്ചാല്‍ പൊതു നിരത്തില്‍ ഉള്ള ഏതു സ്ത്രീയും “മറ്റേ” ടൈപ്പ് ആണ്, അവരെ മുട്ടാന്‍ ഉള്ളതാണ്. കാരണം കുടുംബത്തില്‍ പിറന്ന പറവകളായ സ്ത്രീകള്‍ നേരം ഇരുട്ടും മുന്‍പ്‌ വീടണയണം എന്നാണു നാട്ടുനടപ്പ്. അതിനെതിരേ പ്രതികരിക്കുന്ന സ്ത്രീകള്‍ക്കും, അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യത്തിന് വൈകുന്നേരങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീയ്ക്കും കിട്ടും ഇതുപോലെ സുലഭമായി സദാചാര പോലീസ്‌ പാഠങ്ങള്‍. “എങ്ങോട്ട് പോകുന്നു” “എന്തിനാ രാത്രിയില്‍ ഇറങ്ങി നടക്കുന്നത്” “കൂടെ ഉള്ള ആണ് ആരാണ്” “എന്താ ഉദ്ദേശ്യം” തുടങ്ങി. ഇതൊരു കെട്ടുകഥ ആണെന്ന് കേരളത്തിലെ സ്ത്രീകള്‍ ഒരിക്കലും പറയില്ല. വാസ്തവം ആണ്.

വിവാഹം കഴിച്ചവര്‍ ആണെങ്കില്‍ പോലും നാട്ടുകാര്‍ക്ക്‌ ബോധ്യപ്പെട്ടില്ലെങ്കില്‍ അവര്‍ പരസ്പരം യാത്ര ചെയ്യാനോ ഒരു മുറിയില്‍ തങ്ങാനോ സമൂഹം സമ്മതിക്കില്ല. ഇതിന് ഫാഷിസത്തിന്റെ സ്വഭാവം വന്നത് തീവ്ര ഹൈന്ദവ രാഷ്ട്രീയ സംഘടനകള്‍ ഇടപെട്ട് തുടങ്ങിയപ്പോള്‍ ആണ്. മംഗലാപുരത്തും കോഴിക്കോടും ഒക്കെ “ഇത് ഞങ്ങടെ സംസ്കാരം അല്ല, ഇത് ഞങ്ങളിവിടെ വച്ചു പൊറുപ്പിക്കില്ല” എന്ന് ആക്രോശിച്ച് ആക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ ആണ്. അതുവരെ ഒറ്റയ്ക്കും തെറ്റയ്ക്കും നടന്ന പോലീസുകാര്‍ സമൂഹത്തിന്‍റെ ഭൂരിഭാഗമായി സംഘടിച്ചിച്ചിരിക്കുന്നു. മറ്റൊരാള്‍ എങ്ങനെ ജീവിക്കണം അയാള്‍ പൊതു ഇടങ്ങളില്‍ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്ന തീവ്ര ഹൈന്ദവ സംഘടനകള്‍ അവരുടെ അധികാരം ദുരുപയോഗപ്പെടുത്തി ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുകയാണ്.

നമ്മുടെ സംസ്കാരം ഇതല്ല എന്ന് മറ്റൊരാളെ പഠിപ്പിക്കാന്‍ ആര്‍ക്ക് എന്ത് അവകാശം? നിങ്ങളുടെ സംസ്കാരം സംസ്കരിക്കപ്പെടാതെ ഇന്നും വിക്ടോറിയന്‍ മൊറാലിറ്റിയില്‍ അടിഞ്ഞു കൂടി കിടക്കുകയാവും അതുകൊണ്ട് മറ്റുള്ളവര്‍ എന്ത് വേണം? ഒരു സ്ഥലത്ത് തന്നെ രണ്ടു തരം സംസ്കാരം ഉള്ളവര്‍ ഉണ്ടായിക്കൂടെ? ജാതി വ്യവസ്ഥ പാലിച്ച് ബ്രാഹ്മണ മേല്‍ക്കോയ്മ അംഗീകരിക്കുന്ന ഹൈന്ദവ സംസ്കാരം അല്ല മറ്റൊരു മതസ്ഥന്റെ, അല്ലെങ്കില്‍ ഒരു നിരീശ്വരവാദിയുടെ. അപ്പോള്‍ എല്ലാവരും പരസ്പരം ഞാനാണ് ശരി എന്ന് പറഞ്ഞു തമ്മില്‍ തല്ലാന്‍ തുടങ്ങിയാല്‍ എന്താണ് ഉണ്ടാവുക? ഭൂരിപക്ഷം ജയിക്കും. അതില്‍ യുക്തിയില്ല ജനാധിപത്യമില്ല പുരോഗമനം ഇല്ല സംസ്കാരം തീരെയില്ല. ബലവാന്റെ നീതിബോധം എന്ന് പറയുന്നത് പോലെ ഭൂരിപക്ഷതിന്റെ തീരുമാനം എന്നതൊരു തീരെ യുക്തിയുള്ള മനുഷ്യത്വം ഉള്ള ഒരു കാര്യമല്ല.

പ്രണയ ചേഷ്ടകള്‍ പരസ്പര സമ്മതത്തോടെ എവിടേയും തമ്മില്‍ കൈമാറാന്‍ താത്പര്യമുള്ളവര്‍ ഉണ്ട്. സുഹൃത്തുക്കളും ആയി വെറുതെ നേരം പോക്കിന് സിനിമ പാര്‍ക്ക്‌ ബീച്ച് കോഫീ ഷോപ്പ് ഡിസ്കോ എന്നിവിടങ്ങളില്‍ പോകാന്‍ താത്പര്യമുള്ള ആള്‍ക്കാര്‍ ഉണ്ട്. പ്രായപൂര്‍ത്തിയായ പ്രണയിതാക്കള്‍ക്ക് വിവാഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇരുളിന്‍റെ മറവിലേ സ്നേഹം വരൂ എന്ന് നിര്‍ബന്ധം ഇല്ലാത്ത ഒട്ടനവധി ജനങ്ങള്‍ ഉണ്ട്. നിങ്ങളുടെ രീതി അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക്‌ എന്തവകാശം???? “നമ്മുടെ ഇങ്ങനെ അല്ല” എന്ന് പറയാന്‍, അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരം ഉണ്ടെന്ന ഹുങ്ക് നിങ്ങള്‍ക്ക്‌ എവിടുന്നു കിട്ടുന്നു? ഇത്തരം പ്രണയ ചേഷ്ടകള്‍ കൊണ്ടോ സ്നേഹ പ്രകടനം കൊണ്ടോ സമൂഹത്തിലെ ഒരു ജീവിയ്ക്കും ജീവനോ സ്വത്തിനോ ഹാനിയില്ല, രാഷ്ട്രത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഇല്ല. പിന്നെ കാവിയും കാക്കിയും ഖദറും പച്ചയും എല്ലാം കൂടെ ഇതിനെതിരെ കച്ചകെട്ടുന്നത് എന്തിന്?? പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഇപ്പറഞ്ഞ ഹാനിയൊന്നും വരുത്താതെ മറ്റെന്തു ചെയ്താലും അതില്‍ സര്‍ക്കാരിനും കോടതിയ്ക്കും നിയമപാലകര്‍ക്കും എന്ത് കാര്യം?

അപ്പോള്‍ ഫാഷിസ്റ്റ്‌ സംഘടനകള്‍ അടുത്ത കാലങ്ങളില്‍ ഏറ്റെടുത്ത, സമൂഹം പൊതുവേ ചെയ്തു വന്നിരുന്ന, സദാചാര പോലീസിംഗിനു എതിരേ ആണ് സമരം, വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ഒരുകൂട്ടം ആളുകളുടെ സമര മാര്‍ഗ്ഗം പരസ്പരം ചുംബിക്കുക എന്നതാണ്. അതില്‍ നിങ്ങള്‍ക്ക്‌ പങ്കെടുക്കാം എടുക്കാതിരിക്കാം. സമര രീതിയോട് വിയോജിക്കുന്നു എന്ന് പറയുന്നതില്‍ തന്നെയുണ്ട് ഒരു സദാചാരപോലീസിംഗ്. സമര രീതി പൊതു നിരത്തില്‍ ഉമ്മ വയ്ക്കുകയാണ്, അതിനെ സമരത്തിന്‍റെ ഭാഗമായി കണ്ട് എതിര്‍ക്കുന്നു എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് എന്ന് ചോദിക്കും. സമര രീതി, അതായത് ഉമ്മ വയ്ക്കല്‍, എല്ലാവര്‍ക്കും സ്വീകാര്യമായ ഒന്നല്ല എന്ന് പറയുമ്പോള്‍ “എന്‍റെ സംസ്കാരം ഇതല്ല അതുകൊണ്ട് നീയും ചെയ്യണ്ട” എന്ന് പറയുന്ന അതേ പോലീസിനെ തന്നെയല്ലേ കാണാന്‍ കിട്ടുക? സമര രീതിയല്ല നിങ്ങള്‍ എതിര്‍ക്കുന്നത്, സദാചാര പോലീസ്‌ എതിര്‍ക്കുന്ന അതേ ചുമ്പനത്തെ തന്നെയാണ്. അത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം അതും സമ്മതിച്ചു. വ്യക്തി സ്വാതന്ത്ര്യം എന്നതും ഇഷ്ടങ്ങള്‍ എന്നതും ഒരു ഓണ്‍ ഓഫ് സ്വിച്ച് അല്ലല്ലോ. അതൊരു spectrum ആയി കിടക്കുന്നതാണ്. പലര്‍ക്കും പല രീതിയിലാണ് ഇഷ്ടങ്ങള്‍, പൊതു നിരത്തില്‍ തന്‍റെ പങ്കാളിയുമായി എങ്ങനെ പെരുമാറണം എന്നതിനെ പറ്റി. മറ്റുള്ളവര്‍ക്ക് ജീവനും സ്വത്തിനും ഹാനികരമാകാത്ത എന്തും ചെയ്യുന്നതില്‍ നാട്ടുകാര്‍ ഇടപെടേണ്ട കാര്യമില്ല. അങ്ങനെ വൈവിധ്യമാര്‍ന്ന വ്യക്തിഗത താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സമരം. ഒരാണിനു പാന്‍റ്സ് ഇടാം മുണ്ടുടുക്കാം, ഏതു വാഹനത്തിലും സഞ്ചരിക്കാം, കൂട്ടമായി നടക്കാം ഇരിക്കാം, ഇതിലെല്ലാം വ്യക്തി സ്വാതന്ത്ര്യമുണ്ട്. അപ്പോള്‍ സ്നേഹ പ്രകടനങ്ങളെ നിങ്ങള്‍ ഭയപ്പെടുന്നത് എന്തിന്? നിങ്ങളുടെ കുട്ടികള്‍ രണ്ടു പേര്‍ തമ്മില്‍ സ്നേഹിക്കുന്നത് കണ്ടാല്‍ ഒന്നും സംഭവിക്കുകയില്ല. കുട്ടികളില്‍ നിന്ന് മറച്ചു വയ്ക്കേണ്ട ഒന്നല്ല സ്നേഹം. രതിയെ ആരോഗ്യപരമായി കാണാന്‍ ഇനിയും നമ്മുടെ സമൂഹം പഠിച്ചിട്ടില്ല എന്നതാണ് “കിടപ്പറയില്‍ ഭാര്യയും ഭര്‍ത്താവും ചെയ്യുന്നത്” എന്നൊക്കെയുള്ള പ്രസ്താവനകളുടെ വേര്. ഒന്ന് രതി ഭാര്യ-ഭര്‍ത്താവ് എന്നിവര്‍ക്ക്‌ മാത്രം പറഞ്ഞിട്ടുള്ളതല്ല, രണ്ട് ഇത് കിടപ്പറയുടെ സ്വകാര്യതയില്‍ വേണമെന്ന് ശഠിക്കുന്നത്‌ ഇതിലെന്തോ തെറ്റുണ്ട് അല്ലെങ്കില്‍ പുറത്തു കാണിക്കാന്‍ പറ്റാത്ത എന്തോ ഉണ്ടെന്നുള്ള അപകര്‍ഷതാബോധം ആണ്. വിചാരങ്ങള്‍ മാറുകയാണ്, തലമുറകള്‍ മാറുകയാണ്. അവര്‍ക്കിത് സമൂഹത്തിനുള്ള പോലെ ഒരു “ആദിപാപം” അല്ല. ആണും പെണ്ണും തുറന്നു സംസാരിക്കുകയും തുറന്നിടപഴകുകയും ചെയ്യുന്ന നാളുകള്‍ ആണ് വരാന്‍ പോകുന്നത്. അതിനുള്ള മാനസിക തയ്യാറെടുപ്പ്‌ ഇല്ലാത്തവര്‍ക്ക്‌ മാറി നില്‍ക്കാം, നിങ്ങള്‍ ഇങ്ങനെയേ ചെയ്യാവൂ, കൃത്യമായി എല്ലാ കാര്യത്തിലും രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവര്‍ മാത്രമേ സമരം ചെയ്യാവൂ, സ്നേഹ പ്രകടനങ്ങള്‍ ആരും കാണാതെ വേണം നടക്കാന്‍ എന്നൊക്കെയുള്ളത് തിരുത്തി എഴുതപ്പെടാന്‍ സമയമായി.

നിങ്ങള്‍ എന്തൊക്കെ ചെയ്യണം എന്ന് ആരെങ്കിലും നിഷ്കര്‍ഷിക്കുന്നത് നിങ്ങള്‍ക്ക്‌ ഇഷ്ടമാകുമോ? അത് നിങ്ങള്‍ സമ്മതിച്ചു കൊടുക്കുമോ?? അപ്പോള്‍  മറ്റുള്ളവരുടെ മേലും നിങ്ങളുടെ രീതികള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുന്നതല്ലേ  യുക്തി? അതല്ലേ ജനാധിപത്യം? അതല്ലേ  പുരോഗമനം?

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Information

This entry was posted on December 10, 2014 by in Uncategorized.
%d bloggers like this: